മെഡി. കോളജ് ആശുപത്രിയിൽ അശ്രദ്ധമൂലം കോവിഡ് മരണം: സന്ദേശമയച്ച നഴ്സിങ് ഒാഫിസർക്ക് സസ്പെൻഷൻ
text_fieldsകൊച്ചി: ജീവനക്കാരുടെ അശ്രദ്ധമൂലം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡുകളിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രോഗികളിൽ ചിലർ മരിച്ചതായി വെളിപ്പെടുത്തിയ നഴ്സിങ് ഓഫിസർക്ക് സസ്പെൻഷൻ. നഴ്സിങ് ഒാഫിസർ ജലജദേവിയെയാണ് സസ്പെൻഡ് ചെയ്യാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദേശം നൽകിയത്. സംഭവത്തില്‍ വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ-വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
കേരളത്തിലെത്തിയ കേന്ദ്രസംഘത്തിെൻറ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർ.എം.ഒ നഴ്സിങ് ഓഫിസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാൻ നഴ്സിങ് ജീവനക്കാരുടെ ഗ്രൂപ്പിലിട്ടതാണ് വിവാദ സന്ദേശം. നഴ്സുമാരുടെ അശ്രദ്ധകൊണ്ട് പലർക്കും മരണം സംഭവിക്കുന്നു എന്നാണ് ഇൗ ശബ്ദ സന്ദേശത്തിലുള്ളത്.
എന്നാൽ, നഴ്സിങ് ഒാഫിസർ പറയുന്നത് അടിസ്ഥാനരഹിത കാര്യമാണെന്നും അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. കേന്ദ്രസംഘത്തിെൻറ സന്ദർശനവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിക്കരുതെന്ന് നിർബന്ധമുള്ളതിനാൽ കാര്യങ്ങൾ അൽപം പൊലിപ്പിച്ച് അവർ അവതരിപ്പിച്ചതാകാം. അന്വേഷണത്തിലൂടെ നിജസ്ഥിതി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്സിജൻ മാസ്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ജലജദേവിയുടെ സന്ദേശത്തിലുണ്ട്. ചില രോഗികളുടെ വെൻറിലേറ്റർ ട്യൂബുകളുടെയും അവസ്ഥ ഇതുതന്നെ. കോവിഡ് ചികിത്സയിലിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്സിജന്‍ കിട്ടാതെയാണെന്നും സന്ദേശത്തിൽ പറയുന്നു. വീഴ്ചകൾ കണ്ടെത്തിയ ഡോക്ടർമാർ നഴ്സുമാരെ രക്ഷിക്കാൻ ഇതുവേണ്ട വിധത്തിൽ റിപ്പോർട്ട് ചെയ്യാത്തതാണെന്നും സന്ദേശത്തിലുണ്ട്.
ഹാരിസിെൻറ മരണം ആശുപത്രി അധികൃതരുടെ വീഴ്ചമൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ െപാലീസിന് പരാതി നൽകി.
ശബ്ദസന്ദേശം അയച്ച നഴ്സ് ഒരു മാസമായി അവധിയിലാണെന്ന് മെഡിക്കൽ കോളജ്
കളമശ്ശേരി: കോവിഡ് ചികിത്സയിലിരുന്ന രോഗി വെൻറിലേറ്ററിെൻറ ട്യൂബിങ് മാറിക്കിടന്നതിനാൽ മരിെച്ചന്ന് വാട്സ്ആപ്പിലൂടെ ശബ്ദസേന്ദശം നൽകിയ നഴ്സിങ് ഓഫിസർ ജലജാദേവി ഒരു മാസമായി അവധിയിലാണെന്ന് മെഡിക്കൽ കോളജ്. ഇവർവഴി പ്രചരിപ്പിക്കുന്ന രോഗിയുമായി ബന്ധപ്പെട്ട സന്ദേശം വസ്തുതകൾക്ക് നിരക്കാത്തതാണ്. കീഴ്ജീവനക്കാരെ ജാഗരൂകരാക്കാൻ മാത്രം നൽകിയ സന്ദേശമാണത്. അതല്ലാതെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ ഡോ. വി. സതീഷും മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിലും പറഞ്ഞു.
മരിച്ച ഹാരിസിന് കടുത്ത പ്രമേഹവും രക്തസമ്മർദവും ഭാരക്കൂടുതലും ഉറങ്ങുമ്പോൾ ശ്വാസോച്ഛ്വാസം നടക്കാതെ വരുന്ന ഒ.എസ്.എ എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നു. കോവിഡ് ന്യുമോണിയ എന്ന ഗുരുതരാവസ്ഥയും ഉണ്ടായിരുന്നു. രോഗി മെക്കാനിക്കൽ വെൻറിലേറ്റർ അല്ല, പകരം എൻ.ഐ.വി വെൻറിലേറ്ററിൽ ശ്വസനസഹായിയിലായിരുന്നു.
ശ്വസന സഹായിയുടെ ഓക്സിജൻ ട്യൂബുകൾ ഊരിപ്പോകുന്നതല്ല. ഓക്സിജൻ സപ്പോർട്ടിൽ ഒരു കാരണവശാലും വാർഡിലേക്ക് മാറ്റാനാവാത്ത രോഗിയെ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നതായി ഓഡിയോ ക്ലിപ്പിൽ തെറ്റായി പറഞ്ഞിരിക്കുന്നത് അശാസ്ത്രീയവും സത്യവിരുദ്ധവുമാണെന്ന് പത്രക്കുറിപ്പിൽ വിശദീകരിച്ചു.