വാഹനങ്ങൾ തടഞ്ഞ് കർണാടക; ഇന്നു മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
text_fieldsകോവിഡ് വ്യാപനത്തിന്റെ പേരിൽ കേരളത്തില്‍നിന്നുള്ള വാഹനങ്ങൾ കർണാടക അധികൃതർ തടഞ്ഞിട്ടപ്പോൾ ബാവലി അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികൾ
മാനന്തവാടി/ കാസർേകാട്: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആര്.ടി.പി.സി.ആര് പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ കേരളത്തില്‍നിന്നുള്ള യാത്രക്കാരെ കടത്തിവിടാനാകില്ലെന്ന നിലപാടില്‍ കര്‍ണാടക. തിങ്കളാഴ്ച വയനാട്ടിലെ ബാവലി, മുത്തങ്ങ, കർണാടകയിലെ കുട്ട, കാസർേകാട്ടെ തലപ്പാടി, മെനാല, ജാൽസൂർ, സാറട്ക്ക, പാണത്തൂർ, കണ്ണൂരിലെ മാക്കൂട്ടം ചെക്കുപോസ്റ്റുകളിൽ യാത്രക്കാരെ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഉച്ചയോടെ വാഹനങ്ങളെ കടത്തിവിട്ടെങ്കിലും കോവിഡില്ലാ സർട്ടിഫിക്കറ്റ് ഇന്നുമുതൽ കർശനമാക്കുമെന്ന് കർണാടക വ്യക്തമാക്കി. അതിർത്തി ചെക്കുപോസ്റ്റുകളിൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കുകയും മറ്റു വഴികൾ ബാരിക്കേഡുകൾകൊണ്ട് അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതുവഴി കർണാടകത്തിലേക്ക് പോകാൻ 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിക്കണം. പ്രശ്നം പരിഹരിക്കാൻ കേരള-കർണാടക സർക്കാർതലത്തിൽ ചർച്ച നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. തിങ്കളാഴ്ച പുലർച്ച കേരളത്തില്‍നിന്നുള്ള ചരക്ക്, സ്വകാര്യ വാഹനങ്ങള്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിൽ എത്തിയിരുന്നു. എന്നാൽ കോവിഡ് നെഗറ്റിവ് പരിശോധന ഫലമില്ലാത്തവരെ കടത്തിവിടാനാകില്ലെന്ന് കര്‍ണാടക െപാലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും പറഞ്ഞു. ഇതോടെ ഇരുഭാഗത്തും നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി.
ബാവലിയിൽ കര്‍ണാടകയിലേക്ക് തങ്ങള്‍ക്ക് പോകാനാകില്ലെങ്കില്‍ തിരിച്ചും വരേണ്ടതില്ലെന്ന് കേരളത്തിലെ യാത്രക്കാരും ചരക്കുലോറി ഡ്രൈവര്‍മാരും അറിയിച്ചു. ഇതിനോട് കര്‍ണാടകയില്‍ നിന്നെത്തിയവരും സഹകരിച്ചതോടെ പ്രതിഷേധം കനത്തു. കേരളത്തിലേക്കും തിരിച്ചും ജോലിക്ക് പോകുന്നവര്‍ മണിക്കൂറുകളോളം കുടുങ്ങി. 12 മണിയോടെ ഒ.ആര്. കേളു എം.എൽ.എ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ എന്നിവര്‍ സ്ഥലത്തെത്തി അധികൃതരുമായി സംസാരിച്ചു. ഒടുവില്‍ തിങ്കളാഴ്ചകൂടി വാഹനങ്ങള്‍ കടത്തിവിടാമെന്ന ധാരണയിലെത്തി. ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം, 72 മണിക്കൂര്‍ മുമ്പെടുത്ത ആര്.ടി.പി.സി.ആര് ഫലം മാത്രമേ സ്വീകരിക്കൂവെന്ന കര്‍ണാടകയുടെ നിലപാട് കേരളത്തിലുള്ളവരെ സംബന്ധിച്ച് പ്രായോഗികമല്ലെന്ന് വ്യാപാരികളും നാട്ടുകാരും പറഞ്ഞു.
അതിർത്തികളടച്ച് കർണാടക
ബംഗളൂരു: കേരളത്തിൽനിന്ന് വരുന്നവർക്ക് കോവിഡ് ആർ.ടി.സി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അതിർത്തികളടച്ചും നിയന്ത്രണം കടുപ്പിച്ചും കർണാടക സർക്കാർ. കാസർകോടുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നട ജില്ലയിൽ കേരളത്തിലേക്കുള്ള നാല് അതിർത്തി ചെക്ക് പോസ്റ്റുകൾ ഒഴികെ മറ്റെല്ലാ അതിർത്തികളും അടച്ചു. കാസർകോട്, വയനാട് ജില്ലകളെ കർണാടകയുമായി ബന്ധിപ്പിക്കുന്ന 13ഒാളം റോഡുകളാണ് അടച്ചത്. കോവിഡ് ലോക്ഡൗണിലെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞശേഷം, കേന്ദ്ര സർക്കാറിെൻറ മാർഗനിർദേശങ്ങൾക്കു വിരുദ്ധമായാണ് നടപടി.
ദക്ഷിണ കന്നടയിലെ ഒമ്പത് അതിർത്തികൾ അടച്ചതിനു പുറമെ വയനാട്, കണ്ണൂർ അതിർത്തികളിലെ കർണാടകയുടെ ചെക്ക് പോസ്റ്റുകളിലും കർശന പരിശോധന ആരംഭിച്ചു. ബംഗളൂരുവിന് പുറത്തുള്ള അത്തിബലെ ചെക്ക് പോസ്റ്റിലും കേരളത്തിൽനിന്ന് വരുന്ന വാഹനങ്ങൾ പരിശോധിച്ച് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ തടഞ്ഞു. പലയിടത്തും യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് തിങ്കളാഴ്ച രാവിലെ വാഹനങ്ങൾ കടത്തിവിട്ടു. എന്നാൽ, ഉച്ചക്കുശേഷം വാഹനങ്ങൾ തടഞ്ഞ് തിരിച്ചുവിട്ടു. എന്നാൽ, കേരളത്തിലേക്ക് പോകുന്നവരെ തടയുന്നില്ല. മുത്തങ്ങക്ക് സമീപമുള്ള കർണാടകയുടെ മൂലഹോളെ അതിർത്തിയിൽ രാവിലെ മുതൽ യാത്രക്കാരുടെ തെർമൽ പരിശോധന ഉൾപ്പെടെ ആരംഭിച്ചു. ആദ്യം സർട്ടിഫിക്കറ്റില്ലാത്തവരെ കടത്തിവിട്ടെങ്കിലും ഉച്ചക്കുശേഷം തടഞ്ഞു. മണിക്കൂറുകൾക്കു ശേഷമാണ് കടത്തിവിട്ടത്. കർണാടകയിലേക്കുള്ള കേരള, കർണാടക ആർ.ടി.സി ബസുകളിലെ യാത്രക്കാരുടെ സർട്ടിഫിക്കറ്റും പരിശോധിച്ചു. കേരളത്തിൽനിന്ന് ട്രെയിനുകളിലും ബസുകളിലും വരുന്നവർക്കും പരിശോധന നിർബന്ധമാക്കി. മഹാരാഷ്ട്രയിൽനിന്ന് കർണാടകയിലെത്തുന്നവർക്കും സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ദക്ഷിണ കന്നട ജില്ലയിൽ കാസർേകാട് അതിർത്തിക്ക് സമീപമുള്ള തലപ്പാടി, ബന്ദ്വാളിലെ സാരദ്ക്ക, പുട്ടൂരിലെ മെനല, െനട്ടനിഗെ മുദ്നൂർ, സുള്ള്യയിലെ ജൽസൂർ തുടങ്ങിയ അതിർത്തികളിലൂടെ മാത്രമാണ് പരിശോധനക്കുശേഷം വാഹനങ്ങൾ കടത്തിവിടുന്നത്.
കർണാടക സർക്കാറിെൻറ തീരുമാനം വ്യാപാരികളെയും കർണാടകയിൽ കൃഷി ചെയ്യുന്ന മലയാളി കർഷകരെയും വിദ്യാർഥികളെയും അത്യാവശ്യമായി രണ്ടോ മൂന്നോ ദിവസത്തേക്ക് നാട്ടിൽ പോയി മടങ്ങുന്നവരെയുമാണ് ഏറെ ബാധിച്ചത്. നിയന്ത്രണം കുടക്, മൈസൂരു മേഖലയിലെ ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും കച്ചവടത്തെയും ബാധിച്ചു. 50 ശതമാനത്തോളം കച്ചവടം കുറഞ്ഞു. മൈസൂരുവിലെയും കുടകിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നേരേത്ത ദിവസവും പതിനായിരങ്ങളാണ് കേരളത്തിൽനിന്ന് വന്നതെങ്കിൽ ഇപ്പോൾ വരവ് നിലച്ചു. വരുംദിവസങ്ങളിൽ സർട്ടിഫിക്കറ്റില്ലാത്തവരെ കടത്തിവിടാതെ നിയന്ത്രണം കർശനമായി നടപ്പാക്കാനാണ് കർണാടകയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

