ആലപ്പുഴ: ആറ്റിങ്ങൽ എം.എൽ.എ അഡ്വ. ബി. സത്യനെതിരെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് കേസെടുക്കാൻ കോടതി ഉത്തരവ്. ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം പത്തിന് എം.എൽ.എ ഉൾപ്പെടെ നൂറിൽ അധികം പേർ പങ്കെടുത്ത പൊതു പരിപാടിക്കെതിരെയായിരുന്നു പരാതി ഉയർന്നത്.
ജൂൺ പത്തിന് ആറ്റിങ്ങൽ കുഴിമുക്കിന് സമീപം കരക്കാച്ചി കുളം നവീകരണ പരിപാടി സി.പി.എം സംഘടിപ്പിച്ചിരുന്നു. ഇതിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് എം.എൽ.എ അടക്കം നിരവധി പേർ പങ്കെടുത്തു. നഗരസഭ ചെയർമാൻ സി.ജെ രാജേഷ് കുമാർ, വൈസ് ചെയർപേഴ്സൺ ആർ.എസ് രേഖ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവർക്കെതിരെയും കേസെടുക്കും.
പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ പൊതുപ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ തയാറായില്ല. ഇതോടെ ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.