മലപ്പുറം: സംസ്ഥാനത്തിന് പുറത്തുനിന്നുമെത്തി ക്വാറന്‍റീൻ വ്യവസ്ഥകൾ പാലിക്കാതെ കറങ്ങിനടക്കുന്നവർ അധികൃതർക്ക് തലവേദനയാകുന്നു. എടവണ്ണപ്പാറയിൽ രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച യുവാവ് ജമ്മുവില്‍ നിന്ന് എത്തിയ ശേഷം ക്വാറന്‍റീന്‍ ലംഘിച്ചതായി കണ്ടെത്തി. ജൂണ്‍ 19ന് ജമ്മുവില്‍ നിന്നും നാട്ടിലെത്തിയ ചീക്കോട് സ്വദേശിയായ യുവാവാണ് ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങിയത്. ഇയാള്‍ എത്തിയ എടവണ്ണപ്പാറയിലെ കടകള്‍ അണുവിമുക്തമാക്കി. യുവാവ് എത്തിയ കടകളിലുണ്ടായിരുന്നവരോട് ക്വാറന്‍റീനിൽ പോകാനും നിര്‍ദ്ദേശം നല്‍കി.
ജൂണ്‍ 23നാണ് ക്വാറന്‍റീന്‍ ലംഘിച്ച് അരീക്കോട് ഭാഗത്തുള്ള വിവിധ കടകള്‍ സന്ദര്‍ശിച്ചത്. വാഴക്കാട് റോഡിലും അരീക്കോടും റോഡിലുമുള്ള മൊബൈല്‍ ഷോപ്പിലും കയറിയതായാണ് വിവരം. നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. യുവാവ് സന്ദര്‍ശിച്ച കടകളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ ഭാഗത്തെ കടകളടച്ച് അണുനശീകരണം നടത്തിയിരുന്നു. ജൂലൈ 1നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം ഊര്‍നാശ്ശേരിയിലും ഇത്തരത്തില്‍ ക്വാറന്‍റീന്‍ ലംഘിച്ച് ഒരു യുവാവ് കറങ്ങിനടന്നു. ഇയാള്‍ക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ജൂണ്‍ 16നാണ് ബംഗളൂരുവില്‍ നിന്നെത്തിയത്. ജൂലൈ 1നാണ് ഇദ്ദേഹത്തിനും രോഗം സ്ഥിരീകരിച്ചത്. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി പരിശോധനഫലം വരുന്നതിന് മുന്‍പേ യുവാവ് കറങ്ങിനടക്കുകയായിരുന്നു. ക്രിക്കറ്റ് കളിക്കുകയും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്.