‘നമ്മളെ പണിക്ക് കൂട്ടുന്നില്ലപ്പ....’
text_fieldsതൃക്കരിപ്പൂർ: ‘ഈ സൂക്കേട് കൊണ്ട് നമ്മളെ പണിക്കും കൂട്ടാണ്ടായി..’ ഉദിനൂരിലെ എള്ളത്ത് തമ്പായിയുടെ വാക്കുകളിൽ അമർഷവും സങ്കടവും പ്രകടം. സർക്കാർ നിർദേശ പ്രകാരം 60 കഴിഞ്ഞവരെ തൊഴിലുറപ്പ് പ്രവൃത്തികളിൽ ഉൾപ്പെടുത്താത്തതാണ് തമ്പായിക്ക് വിനയായത്. 10 വയസ്സിൽ താഴെയുള്ളവരും 60ന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നതിന് കോവിഡ് ക്രമീകരണങ്ങൾ പ്രകാരം തടസ്സമുണ്ട്.
ചിലയിടങ്ങളിൽ ഇത് 59 ആയും നിശ്ചയിക്കപ്പെട്ടു. തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്നവരിൽ ഏതാണ്ട് 20 ശതമാനത്തോളം 60ന് മുകളിൽ പ്രായമുള്ള വനിതകളാണ്. ജില്ല പ്രോജക്ട് ഓഫിസർമാർ കോവിഡ് പെരുമാറ്റച്ചട്ടം തൊഴിലുറപ്പ് മേഖലയിൽ കൊണ്ടുവരാൻ സർക്കുലർ ഇറക്കിയിരുന്നു.
പലയിടങ്ങളിലും പണിക്ക് പോകാൻ അനുവാദം കിട്ടാത്ത തൊഴിലാളികൾ ഏറെയുണ്ട്. നിർബന്ധിക്കപ്പെടുന്ന സാഹചര്യത്തിൽ സത്യവാങ്മൂലം എഴുതിവാങ്ങി പണിക്ക് വിടുന്ന സ്ഥിതിയുമുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഉത്തരവിൽ വ്യക്തത വരാതെ ഇത്തരം തൊഴിലാളികളെ ജോലിക്ക് വെക്കാൻ കഴിയില്ലെന്നാണ് അവരുടെ പക്ഷം.
പ്രായമേറിയവരിൽ പലരും അവരുടെ പറമ്പുകളിൽ സജീവമാണ്. തൊഴിൽ നിലച്ചതോടെ കിഴങ്ങുകൃഷി പരീക്ഷിക്കുകയാണ് തമ്പായി. പലരും വലിയ പ്രയാസത്തിലാണെന്ന് അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
