ക്വാറൻറീൻ കഴിഞ്ഞ് വീട്ടിലെത്തിയ ആൾക്ക് കോവിഡ്; സമ്പർക്കം സംശയിക്കുന്ന 10 പേർ നിരീക്ഷണത്തിൽ
text_fieldsപൊൻകുന്നം: മുംബൈയിൽ നിന്നെത്തി നിരീക്ഷണകാലം പിന്നിട്ട ചെറുവള്ളി സ്വദേശിയായ അമ്പതുകാരനായ വിമുക്തഭടന് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കമുണ്ടായെന്ന് സംശയിക്കുന്ന പത്തുപേരെ നിരീക്ഷണത്തിലാക്കി. സന്ദർശനം നടത്തിയ പൊൻകുന്നത്തെ കട അടപ്പിച്ചു.
മുംബൈയിൽനിന്ന് ജൂൺ ഒന്നിന് പൊൻകുന്നത്തെത്തി സ്വദേശ് റെസിഡൻസിയിൽ 14 ദിവസം ക്വാറൻറീനിലായിരുന്നു. വീട്ടിലേക്ക് മടങ്ങിയ ശേഷം 16നാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തി സ്രവപരിശോധന നടത്തിയത്. ഫലം പോസിറ്റിവായതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം പൊൻകുന്നത്ത് പെട്രോൾ പമ്പിനു സമീപമുള്ള സോളാർ എന്ന ഗൃഹനിർമാണ സാമഗ്രികളുടെ വിൽപനശാലയിൽ എത്തി.
ഇവിടത്തെ ജീവനക്കാരായ അഞ്ചുപേരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. കട നാലുദിവസത്തേക്ക് അടച്ചിടും. അതിനുശേഷം ഇവരുടെ മറ്റൊരു കടയിലെ ജീവനക്കാരെ ഉപയോഗിച്ച് കട പ്രവർത്തിക്കും. സമീപമുള്ള ഒരു മൊബൈൽ ഫോൺ കടയിൽ എത്തിയിരുന്നെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല.
വ്യാഴാഴ്ച ഈ കട അടച്ചിട്ടു. ശുചീകരണത്തിനുശേഷം വെള്ളിയാഴ്ച തുറക്കാൻ അനുമതി നൽകി. തെക്കേത്തുകവലയിൽ ഒരു കടയിൽ എത്തിയിരുന്നെങ്കിലും സമ്പർക്ക സാധ്യതയില്ലാത്തതിനാൽ പ്രശ്‌നമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. രോഗിയുടെ കുടുംബാംഗങ്ങളായ മൂന്നുപേരും രോഗി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറും സമ്പർക്കമുണ്ടായ മേസ്തിരിപ്പണിക്കാരനും ഉൾപ്പെടെയാണ് പത്തുപേർ നിരീക്ഷണത്തിലായത്. ചെറുവള്ളിയിൽ രോഗിയുടെ വീടിനു സമീപം അര കി.മീ. ഭാഗം കണ്ടെയ്ൻമെൻറ് സോണാക്കി നിയന്ത്രണം ഏർപ്പെടുത്തി. അമ്പലത്തിനു സമീപത്തെ ഇടറോഡിലാണ് നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.