കോവിഡ് 19: പത്തനംതിട്ടയിൽ 12 പേരുടെ പരിശോധന ഫലം അഞ്ചു മണിയോടെ -ഡി.എം.ഒ
text_fieldsപത്തനംതിട്ട: ജില്ലയിൽ കോവിഡ് 19 ഭീതിയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമായ മരുന്ന് ഹെൽത്ത് സെൻററുകളിൽ നിന്ന് എത്തിച്ചു നൽകുമെന്ന് ഡി.എം.ഒ. വൈദ്യസഹായമല്ലാത്ത ആവശ്യങ്ങൾ പഞ്ചായത്തുകൾ നിർവഹിക്കും. 12 പേരുടെ പരിശോധന ഫലം വൈകീട്ട് അഞ്ചു മണിയോടെ ലഭിക്കുമെന്നും അവർ പറഞ്ഞു. പത്തനംതിട്ട കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു ഡി.എം.ഒ.
വിദേശത്തു നിന്ന് കെറോണ വൈറസ് ബാധയുമായി എത്തിയ ആളുകളുമായി സമ്പർക്കം പുലർത്തിയ രണ്ടു വയസുള്ള കുട്ടിയും മാതാപിതാക്കളും പത്തനംതിട്ട ആശുപത്രിയിൽ ഐസൊലേഷനിലാണെന്ന് ഡി.എം.ഒ അറിയിച്ചു. ഇവരുടെ സാമ്പിൾ വൈകുന്നേരം പരിശോധനക്കയക്കും.
നിലവിൽ സാമ്പിൾ ആലപ്പുഴയിലേക്കാണ് അയക്കുന്നത്. രണ്ട് മെഡിക്കൽ കോളജുകൾക്ക് കൂടി പരിശോധനക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഇനി പരിശോധന ഫലം വേഗത്തിലാവും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന പലരും മാർഗ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്. വ്യക്തി ശുചിത്വം ഉൾപ്പെടെയുള്ള മാർഗ നിർദേശം പാലിക്കാത്തവരുമുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
900 ആളുകളാണ് പത്തനംതിട്ടയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇറ്റലിയിൽ നിന്നെത്തിയ കുടംബവും അവരിൽ നിന്ന് രോഗം പകർന്നവരുമായ ഏഴ് പേരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയെന്ന് കരുതുന്നവരാണിവർ. രോഗലക്ഷണങ്ങേളാടെ 28 ആളുകളാണ് ആശുപത്രിയിൽ ഐസൊലേഷനിലുള്ളത്.
നേരത്തേ രോഗം സ്ഥിരീകരിച്ച അഞ്ച് പേരും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ട് പേരും ഉൾപ്പെടെ ഏഴ് പേർ നിലവിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡി.എം.ഒയും ജില്ലാ കലക്ടറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
