തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേർക്ക് കോവിഡ്. കുറ്റിപ്പാലയിൽ ജുമുഅയിൽ പങ്കെടുത്ത ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് കുറ്റിപ്പാലയിലെ ദാറുൽ ഇർഷാദ് മസ്ജിദിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സി.സി.ടി.വി ദ്യശ്യങ്ങളടക്കം പരിശോധിച്ച് നമസ്കാരത്തിൽ പങ്കെടുത്തവരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശം നൽകി.
മേലേ പൈങ്ങോട്ടൂരിൽ ഒരാൾക്കും കോവിഡ് പോസിറ്റിവായിട്ടുണ്ട്.ഇരുവരുടെയും റൂട്ട് മാപ്പ് തയാറാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു. കോവിഡ് റിപ്പോർട്ട് ചെയ്ത മേഖലയിൽ കൂടുതൽ പേർക്ക് ആൻറിെജൻ ടെസ്റ്റ് നടത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസറോടും കലക്ടറോടും ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ചേലേമ്പ്രയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മത സംഘടന പ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗം 27ന് വിളിച്ച് ചേർത്തിട്ടുണ്ട്.
ശനിയാഴ്ച അടിയന്തര ആർ.ആർ.ടി യോഗം ചേർന്ന് ചേലേമ്പ്രയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
കുറ്റിപ്പാല പ്രദേശത്ത് കടകൾ വൈകീട്ട് നാലിന് അടക്കണം. നിലവിലെ സാഹചര്യത്തിൽ ചേലേമ്പ്രയിലെ മുഴുവൻ കടകളുടെയും പ്രവർത്തനം രാവിലെ എട്ടുമുതൽ നാലുവരെയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പഞ്ചായത്തിലെ മുഴുവൻ പള്ളികളും അടച്ചിടുന്നതിനെക്കുറിച്ചും 27ന് നടക്കുന്ന യോഗത്തിൽ തീരുമാനമെടുത്തേക്കും.
ചേലേമ്പ്രയിലേയും പള്ളിക്കൽ പഞ്ചായത്തിലേയും അതിർത്തിയിലുള്ള കച്ചവട സ്ഥാപനങ്ങളും വൈകീട്ട് നാലുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. പഞ്ചായത്തിനകത്ത് വീടുകളിലെത്തിച്ചുള്ള മത്സ്യവിൽപന ഇനിയൊറിയിപ്പുണ്ടാവുന്നതു വരെ അനുവദിക്കില്ല. ഒമ്പതാം വാർഡ് പൂർണമായും 11ാം വാർഡിെൻറ പൈങ്ങോട്ടുർ മേഖലയുമായി ബന്ധപ്പെടുന്ന സ്ഥലങ്ങളിലും ഒരാഴ്ചക്കാലത്തേക്ക് ലോക്ഡൗൺ ഏർപ്പെടുത്തും. പെട്രോൾ പമ്പുകൾക്ക് നിയന്ത്രണങ്ങൾ ഇല്ലെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.