ഹഖിന് നോമ്പുകാലം ദുരിതപൂർണമായ നോവിെൻറ ഓർമക്കാലം
text_fieldsബാലുശ്ശേരി: ഹഖ് ഇയ്യാടിന് നോമ്പുകാലം ദുരിതപൂർണമായ ഒരു നോവിെൻറ ഓർമക്കാലംകൂടിയാണ്. 1999ൽ വിസ തട്ടിപ്പില്‍ കുടുങ്ങി ഹഖ് അടക്കമുള്ള 32ഓളം ചെറുപ്പക്കാര്‍ മലേഷ്യയിലെ കോലാലമ്പൂരിനടുത്തുള്ള ജയിലില്‍ പട്ടിണിയും രോഗവുമായി തള്ളിനീക്കിയ നോമ്പുകാലം ദുരിത ദിനരാത്രങ്ങളുടെ നോവുന്ന ഓർമയാണിപ്പോഴും. മൂന്നുമാസ കാലാവധിയുള്ള സന്ദർശക വിസയിൽ പല ഗ്രൂപ്പുകളിലായി മലേഷ്യയിലെത്തിയ ഇവർ വിസ കാലാവധി കഴിഞ്ഞതോടെ ജയിലിലടക്കപ്പെടുമെന്നായി. ശിക്ഷ ഒഴിവാകണമെങ്കിൽ വലിയൊരു സംഖ്യ പിഴയടക്കണം.
മൂന്നുമാസം പല കമ്പനികളില്‍ ജോലി ചെയ്തെങ്കിലും ശമ്പളമോ ഭക്ഷണമോ കിട്ടിയില്ല. കിട്ടിയ പണം ഏജൻറുമാർ അടിെച്ചടുത്തു. ഏജൻറുമാർ പാർപ്പിച്ച സ്ഥലത്തുനിന്ന് അര്‍ധരാത്രി ഒളിച്ചോടി ഒരു വിധം ഇന്ത്യന്‍ എംബസിയിലെത്തുകയായിരുന്നു. ഇവിടുത്തെ മലയാളി ഉദ്യോഗസ്ഥർ ഇന്ത്യന്‍ മസ്ജിദിലേക്ക് എത്തിച്ചു. മസ്ജിദ് കമ്മിറ്റിക്കാരാണ് പിന്നെ ഭക്ഷണവും താമസസൗകര്യവും ഏർപ്പാടാക്കിയത്. എങ്കിലും വിസ കാലാവധി കഴിഞ്ഞതിനാല്‍ കുറച്ചു ദിവസം ജയിലില്‍ കഴിഞ്ഞാലേ നാട്ടിലേക്ക് പറഞ്ഞയക്കൂ എന്നതിനാൽ എല്ലാവരും ജയിലിലേക്ക്. റമദാൻ നോമ്പുകാലം. നിന്നുതിരിയാന്‍ ഇടമില്ലാത്ത ജയിലില്‍ രാത്രിയും പകലും ഉറക്കം മാത്രം. എല്ലാവര്‍ക്കുമായി പകുതി ചുമരുള്ള ബാത്ത് റൂം. കുളിയും അലക്കും എല്ലാം അവിടെ െവച്ചുതന്നെ.
രാവിലെ ചായ, ഒരു ബൺ, ഉച്ചക്ക് അല്‍പം ചോറ്, മത്തിത്തലകൊണ്ടും പൂളയിലകൊണ്ടും ഉണ്ടാക്കിയ കറികള്‍, വൈകീട്ട് ചായയും ചിലപ്പോള്‍ ഒരു പൊറോട്ടയും. പകല്‍ കിട്ടിയ ഈ കുറഞ്ഞ ഭക്ഷണം കൊണ്ടാണ് പലരും നോമ്പെടുത്തിരുന്നത്. രാത്രി ബംഗാളികളുടെ ഈണത്തിലുള്ള ബാങ്ക് വിളിയും തറാവീഹ് നമസ്‌കാരവും. റമദാൻ 28 ആയപ്പോഴാണ് ഇന്ത്യക്കാര്‍ക്ക് പോകാമെന്നുള്ള അറിയിപ്പ് കിട്ടിയത്. നോമ്പുനോറ്റ മുഖങ്ങളില്‍ സന്തോഷത്തിെൻറ നിഴലാട്ടം. ഉള്ളതെല്ലാം വാരിപ്പെറുക്കി പിന്നെ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ ജയിലിലേക്ക്. രാത്രിയോടെയെത്തിയ എയര്‍ ഇന്ത്യയുടെ ഒരു പഴയ വിമാനത്തിൽ എല്ലാവരേയും കയറ്റിവിട്ടു. പിറ്റേന്ന് രാവിലെ മദ്രാസ് എയര്‍പോര്‍ട്ടില്‍ ഇറങ്ങി. അവിടുന്ന് നേരിട്ട് ട്രെയിനിൽ നാട്ടിലേക്കും. മറ്റൊരു നോവിെൻറ നോമ്പുകാലത്തിലൂടെ കടന്നുപോകുേമ്പാൾ ദുരിതം നിറഞ്ഞ ആ പഴയ നോമ്പ് ഒാർമയിെലത്തുകയാണെന്ന് കഥാകൃത്തുകൂടിയായ ഹഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
