കോവിഡാനന്തര ലോകം: വ്യവസായികൾ പ്രതികരിക്കുന്നു
text_fieldsരാജ്യത്ത് ലോക്ഡൗൺ മേയ് 31 വരെ വീണ്ടും നീട്ടി. ലോക് ഡൗണിെൻറ അടച്ചിരിപ്പിെൻറ കാലത്തും തുറന്നുപ്രവർത്തിക്കാൻ അവസരം കിട്ടിയവരുണ്ട്. സാധ്യതകൾ തിരിച്ചറിഞ്ഞവരുണ്ട്. വിനോദ സഞ്ചാരവും വസ്ത്രവ്യാപാരവും സമ്പൂർണ അടച്ചിടലിെൻറ പട്ടികയിലായപ്പോൾ ഭക്ഷ്യോൽപന്ന വ്യവസായത്തെ ഈ പ്രതിസന്ധി അത്ര ബാധിച്ചതേയില്ല. ഈ മൂന്നു രംഗത്തെയും പ്രമുഖർ ഭാവികാലത്തെ സമീപിക്കാൻ ഉദ്ദേശിക്കുന്നവിധം ‘മാധ്യമ’ വുമായി പങ്കുവെക്കുന്നു.

വി.എസ്. അബ്ദുൽ കരീം, സി.ഇ.ഒ, ക്രിയേറ്റിവ് ടൂർസ് ആൻഡ് ട്രാവൽസ്)
ലോക്ഡൗൺ തുടരുകയാണ്. ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടുപോയാൽ വിജയിക്കാമെന്ന വിശ്വാസത്തിലാണ് സംരംഭകർ. നഷ്ടങ്ങൾ മാത്രമല്ല, സാധ്യതകളും മുന്നിലുണ്ട്. കോവിഡ് ഏറ്റവും ബാധിച്ചത് വ്യോമയാന മേഖലയെയാണ്. അതിനനുബന്ധമായി വിനോദസഞ്ചാരത്തെയും യാത്രകളെയും ബാധിച്ചു. ഇൗ അവസ്ഥ മാറണമെങ്കിൽ ജനങ്ങൾക്ക് സുരക്ഷിതബോധമുണ്ടാകണം. പിന്നെ, കൈയിൽ കാശുണ്ടാകണം. ഇതു രണ്ടും സംഭവിച്ചാൽ, മനുഷ്യർ യാത്രചെയ്യും. എന്നാൽ, എന്ന് എന്നത് പ്രവചിക്കാൻ വയ്യ. കുറഞ്ഞത് ഒന്നര വർഷം എടുത്തേക്കാം. സാേങ്കതികവിദ്യയുടെ വികാസം കാര്യങ്ങളെ കുറെക്കൂടി എളുപ്പമാക്കുകയും ചെയ്യും.
കോർപറേറ്റ് ബിസിനസ് യാത്രകൾ വൻതോതിൽ കുറയും. ചെലവുചുരുക്കൽ സാധ്യത തേടിയിരുന്ന അവർ വിഡിയോ കോൺഫറൻസുകൾ പതിവാക്കി. അത് ഇനിയും തുടരും. വർക്ക് അറ്റ് ഹോമും പതിവാകും. വിദേശ വിനോദസഞ്ചാരത്തെക്കാൾ ആഭ്യന്തര ടൂറിസത്തിനാണ് ഇനി സാധ്യത. കുറഞ്ഞ ദൂരത്തിൽ, സ്വന്തം വാഹനത്തിൽ എത്താവുന്നിടത്തേക്കൊരു യാത്ര. അതാകും ആളുകൾ ഇഷ്ടപ്പെടുക. അവിടെയാണ് മൂന്നാറിനും തേക്കടിക്കും വയനാടിനും കുമരകത്തിനുമൊക്കെയുള്ള സാധ്യതകൾ.
കോവിഡിനെ സമർഥമായി പ്രതിരോധിച്ച കേരളം ഭാവിയിൽ യാത്രക്കാരുടെ ഇഷ്ടസ്ഥലമാകും. കോവിഡ് ലോകമാകെ ചർച്ചചെയ്യെപ്പടുന്നതുപോലെ, കേരളം അതിനെ പ്രതിരോധിച്ചതും ചർച്ചയാകും. അത് കേരളത്തിന് ഗുണംചെയ്യും. ഇക്കുറി പ്രളയമോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകാതിരിക്കെട്ട എന്ന് ആശിക്കാം. ജൂൺ മുതൽ പ്രവാസികളുടെ തിരിച്ചുവരവ് കൂടും. അത് തൊഴിൽ നഷ്ടപ്പെടുന്നവരുടെ വരവാകും. എന്നാൽ, അതുകൊണ്ട് എല്ലാം അവസാനിച്ചെന്ന് കരുതേണ്ടതില്ല. എണ്ണവിലയിൽ സ്ഥിരത നേടുന്നതോടെ, നിർത്തിെവച്ച നിർമാണപ്രവൃത്തികളടക്കം ഗൾഫ് രാജ്യങ്ങളിൽ പുനരാരംഭിക്കും. പുതിയ സാധ്യത തുറക്കും. ഇത്തരത്തിൽ നഷ്ടങ്ങൾ മാത്രമല്ല, സാധ്യതകളും നമ്മുടെ മുന്നിലുണ്ട്. അത് കണ്ടെത്തുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയുമാണ് പ്രധാനം.
* * * * * * *

മറികടക്കാം; കഠിനാധ്വാനത്തിലൂടെ
(വിനോദ് മഞ്ഞില, സി.ഇ.ഒ, മഞ്ഞിലാസ് ഫുഡ് പ്രൊഡക്ട്സ്)
ഭക്ഷ്യോൽപന്ന വ്യവസായങ്ങൾക്ക് ലോക്ഡൗണിലും പ്രവർത്തനാനുമതി ഉള്ളതിനാൽ മറ്റു മേഖലയിലുള്ളത്ര പ്രതിസന്ധിയില്ല. എന്നാൽ, ശേഷിയുടെ 50 ശതമാനം മാത്രമായിരുന്നു പ്രവർത്തനം. പൊതുഗതാഗത സംവിധാനം ഇല്ലാതായതോടെ ജീവനക്കാർക്ക് എത്താൻ കഴിയാതെയായി. മറ്റു സംസ്ഥാനങ്ങളിൽനിന്നാണ് അസംസ്കൃത സാധനങ്ങൾ വരുന്നത്. അതിെൻറ ദൗർലഭ്യവുമുണ്ടായി. ഉൽപന്നങ്ങൾ കൊണ്ടുപോകാൻ വാഹനങ്ങൾ കുറഞ്ഞതും കടകൾ പലതും അടഞ്ഞുകിടന്നതും പ്രതിസന്ധിയായി.
പുതിയ ആശയങ്ങൾ രൂപവത്കരിക്കാനും അത് നടപ്പാക്കാനുമുള്ള ശ്രമത്തിലായിരുന്നു. ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലിചെയ്യാനും സെയിൽസ് ടീമിന് വീട്ടിലിരുന്ന് ഒാർഡർ ശേഖരിക്കാനും കഴിയുന്ന സോഫ്റ്റ്വെയർ വികസിപ്പിച്ചു. യോഗങ്ങൾ വിഡിയോ കോൺഫറൻസ് വഴിയാക്കി. അനുമതി നൽകൽ ഒാൺെലെനാക്കി. അതോടെ ലോക്ഡൗൺ കാലം വലിയൊരളവിൽ പ്രയോജനപ്പെടുത്താനായി. ഇൗ രീതി തുടരാനാണ് തീരുമാനം. കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ വിജയകരമായി. േരാഗവ്യാപനം കുറക്കാനായി. സാധാരണ നിലയിലേക്കുള്ള തിരിച്ചുപോക്ക് വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
* * * * * * *

പ്രതീക്ഷയുണ്ട്; താങ്ങുവേണം
പി.എം. അഫ്സൽ (ചെയർമാൻ, പർവിൻ പർദ)
അവശ്യസാധനങ്ങളുടെ പട്ടികയിൽപെടാത്തതിനാൽ, വസ്ത്ര വ്യാപാരമേഖലയിൽ വൻ പ്രതിസന്ധിയാണ് ലോക്ഡൗൺ സൃഷ്ടിച്ചത്. ഉത്സവനാളുകളാണ് വസ്ത്രങ്ങളുടെ വ്യാപാരസീസൺ. കേമ്പാളം നിശ്ചലാവസ്ഥയിലായതിനാൽ പ്രധാന സീസൺ നഷ്ടമായി. ഇൗ നഷ്ടം പിന്നീട് ലഭിക്കില്ല. അതുപോലെ, ജനങ്ങളുടെ ൈകയിൽ പണമില്ലാതെ വന്നാൽ ആദ്യം ഒഴിവാക്കുക വസ്ത്രം വാങ്ങലാകും. അതിനാൽ വ്യാപാരം മെച്ചപ്പെടാൻ ജനങ്ങളുടെ ൈകയിൽ പണം വരണം. അത് വസ്ത്രവ്യാപാര മേഖലയിൽ ഏറ്റവും പ്രധാനവുമാണ്. ഇപ്പോൾ ദൈനംദിന ആവശ്യങ്ങൾക്കുള്ള തുണികൾക്കാണ് ആവശ്യക്കാർ. ആഡംബര വസ്ത്രങ്ങൾ വാങ്ങൽ മാറ്റിെവക്കുകയാണ്. ജീവിതം സാധാരണ നിലയിലാകുേമ്പാൾ മാറ്റങ്ങൾ വരും. അതിനാൽ പ്രതീക്ഷതന്നെയാണ് മുന്നിൽ. എന്നാൽ, പ്രതിസന്ധിയിൽനിന്ന് കരകയറാൻ കൈത്താങ്ങ് വേണം. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജ് ചെറുകിട, ഇടത്തരം സംരംഭക വായ്പക്ക് ഉൗന്നൽ നൽകുന്നു. എന്നാൽ, വായ്പക്കുമേൽ വായ്പ കിട്ടിയിട്ട് കാര്യമില്ല. വായ്പയെടുത്ത് സംരംഭം തുടങ്ങിയാൽ അത് തിരിച്ചടക്കാനുള്ള ശേഷി ഭാവിയിൽ ഉണ്ടാകണം. അതുണ്ടാകുന്നില്ലെങ്കിൽ പ്രതിസന്ധി കൂടും. അതിനാൽ വായ്പക്കപ്പുറം സംരംഭകരെ സഹായിക്കുന്ന സംവിധാനങ്ങളാണ് വേണ്ടത്.
തയാറാക്കിയത്:
അജിത് ശ്രീനിവാസൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
