ഇൗ വിജനത എത്രനാൾ; തീരം അനാഥമായിട്ട് രണ്ടു മാസം
text_fieldsകോഴിക്കോട്: മഹാമാരിക്ക് ചിറകെട്ടാൻ ഇൗ തീരം വിജനമായിട്ട് രണ്ടു മാസം പൂർത്തിയാവുന്നു. ആശ്വാസവും ആഹ്ലാദവും തേടി ആയിരങ്ങൾ വന്നുപോവാറുള്ള കോഴിക്കോട് കടൽത്തീരത്തിന് ഇത്ര നീണ്ട ഏകാന്തവാസം ചരിത്രത്തിലാദ്യം. കടൽ സൂനാമിയായി ക്ഷോഭിക്കുന്നു എന്ന് മുന്നറിയിപ്പ് ലഭിച്ചപ്പോൾ പോലും തീരം കാണാൻ തിരക്കുകൂട്ടി കടലിനോടടുത്തവരായിരുന്നു നഗരവാസികൾ. കോവിഡിനെ തോൽപിക്കാൻ ആരുമിതു വഴി വരാതായതോെട മനോഹരമായ സായന്തനങ്ങളും അന്തിനേരങ്ങളിലെ സല്ലാപക്കൂട്ടങ്ങളും പഴങ്കഥയായി. അസ്തമനച്ചുവപ്പിനുപോലും വല്ലാത്ത അനാഥത്വമാണിപ്പോൾ. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പാട്ടിെൻറ വിരുന്നുണ്ടായിരുന്നു സൗത്ത് ബീച്ചിലെ പുതിയ വിശ്രമകേന്ദ്രത്തിൽ.
അവധിക്കാലമായതിനാൽ പതിവിലേറെ കുടുംബങ്ങൾ ഒഴുകിവരേണ്ടതായിരുന്നു ഇൗ ഉല്ലാസത്തുരുത്തിലേക്ക്. റമദാനിൽ രാവേറെ വൈകിയാലും ഇവിടെ കുടുംബ സദസ്സുകൾ ഉണ്ടാവാറുണ്ടായിരുന്നു. ഉഷ്ണകാലമാവുേമ്പാൾ പ്രേത്യകിച്ചും. അപാരമായ ഏകാന്തതയുടെ തീരമായി ഇനിയെത്രനാൾ തുടരും ഇവിടെയിങ്ങനെ. മിഠായികളും കളിപ്പാട്ടങ്ങളും ലഘുഭക്ഷണങ്ങളും വിറ്റ് ഒരുപാട് പേർ ഉപജീവനം നടത്തുന്ന തീരം കൂടിയായിരുന്നു ഇത്. ഉന്തുവണ്ടികളെല്ലാം നിലച്ചിട്ട് നാളേറെയായി.
ലോക്ഡൗൺ പ്രഖ്യാപിക്കും മുമ്പു തന്നെ കോഴിക്കോട് ബീച്ച് പൂട്ടിയിരുന്നു. ആയിരങ്ങൾ സംഗമിക്കുന്ന കടൽത്തീരം കൊട്ടിയടച്ചില്ലെങ്കിൽ േരാഗപ്പകർച്ചയുണ്ടാവാൻ സാധ്യതയുള്ളതിനാലാണ് ജാഗ്രത നടപടിയുണ്ടായത്. ഇളവുകൾ വന്നിട്ടും തീരത്തിന് അതു ബാധകമായിട്ടില്ല. മനോഹരമായ വിശ്രമയിടങ്ങൾ കരിയിലക്കാടായി മാറിയിട്ടുണ്ടിവിടെ. പരിപാലനമില്ലാത്തതിനാൽ ലക്ഷങ്ങൾ ചെലവഴിച്ച വിശ്രമയിടങ്ങൾ നശിക്കുന്നുണ്ട്. ചെടികളും, പച്ചപ്പുൽവിരിപ്പുകളും കളകൾ മൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
