You are here

‘പ്രളയകാലത്തെ മലയാളിയിലേക്ക്, മനുഷ്യത്വത്തിലേക്ക് നമുക്ക് തിരികെ പോകാം’

01:00 AM
26/03/2020
ഭക്ഷണവും വെള്ളവുമില്ലാതെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഓട്ടോ തൊഴിലാളികള്‍ ഭക്ഷണം നൽകുന്നു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ രതീഷ് പുളിക്കന്‍ എടുത്ത ചിത്രം

കോഴിക്കോട്: കോവിഡ്-19 ഭീതിയിൽ വീടുകളിൽ കഴിയുകയാണ് എല്ലാ മലയാളികളും. വരാനിരിക്കുന്ന ദിവസങ്ങൾ മുന്നിൽ കണ്ട് ആവശ്യത്തിനും അതിലധികവും സാധങ്ങൾ വാങ്ങി മുൻകരുതൽ എടുത്തിരിക്കുന്ന പലരും അറിയാതെ പോകുന്ന ചില ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. 

അതിഥിത്തൊഴിലാളികളായ ചില മനുഷ്യര്‍, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയവർ. അവരുടെ ദു:ഖകരമായ അവസ്ഥ അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഫേസ്ബുക്കിൽ പങ്കുവെക്കുകയാണ് മാധ്യമപ്രവർത്തകനായ ഹരി മോഹൻ. 

ഫേസ്ബുക് പോസ്റ്റ് വായിക്കാം...

ഈയൊരു ചിത്രം കണ്ടപ്പോള്‍ ഒരു വര്‍ഷം മുന്‍പുള്ള നമ്മളെ, മലയാളികളെ ആലോചിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്തെ മലയാളികളെ. ഭക്ഷണവും വെള്ളവും വസ്ത്രവും ഒക്കെയായി പാഞ്ഞുനടന്ന, ഭക്ഷണം കിട്ടാത്തവരുടെ വിവരം ശേഖരിച്ച് സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്ന നമ്മള്‍. ആ മലയാളികളിലേക്ക്, മനുഷ്യത്വത്തിലേക്കു നമ്മള്‍ തിരികെപ്പോവേണ്ടതുണ്ട് ഇപ്പോള്‍.

ഇന്നലെയും ഇന്നുമൊക്കെയായി ജോലിയുടെ ആവശ്യത്തിനു പുറത്തിറങ്ങേണ്ടി വന്നപ്പോള്‍ കണ്ട കുറച്ചാളുകളുണ്ട്. അതിഥിത്തൊഴിലാളികളായ ചില മനുഷ്യര്‍, സെക്യൂരിറ്റിക്കാര്‍, അങ്ങനെ കുറച്ചുപേര്‍. ഓടിനടക്കുകയാണവര്‍, ഒരു ചായ കിട്ടുന്ന കടയുണ്ടോ എന്നറിയാന്‍. 

അതിലൊരാള്‍ അത്യാവശ്യം നല്ല പ്രായമുള്ള ഒരു മനുഷ്യനാണ്. 24 മണിക്കൂര്‍ ഡ്യൂട്ടിയാണ് അവരുടേത്. ഭക്ഷണം കൊടുത്തു സഹായിക്കണമെന്നുണ്ട്. പക്ഷേ ജോലിക്കിടെ കിട്ടുന്ന ഭക്ഷണം കൊണ്ടു തൃപ്തിപ്പെടുകയാണു ഞങ്ങളും ചെയ്യുന്നത്. വൈകീട്ട് വിശന്നപ്പോള്‍ ആദ്യം ചെയ്തത് സ്വിഗ്ഗിയില്‍ കയറുകയാണ്. എനിക്കങ്ങനൊരു ഓപ്ഷനുണ്ട്, വൈകീട്ട് അഞ്ചുമണിവരെയെങ്കിലും. പക്ഷേ ഹോം ഡെലിവറി പോലൊന്ന് ഈ 21 ദിവസവും അഫോര്‍ഡ് ചെയ്യാനാവാത്ത ആളുകളുണ്ട്. പാചകം ചെയ്തു കഴിക്കാന്‍ സൗകര്യമില്ലാത്തവരാണു ചിലര്‍. മറ്റു ചിലര്‍ക്ക് അതിനുള്ള സാഹചര്യം വരുംദിവസങ്ങളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. 

നമ്മള്‍ കാണുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ കഴിയാത്തവരെന്നൊന്നും തോന്നണമെന്നില്ല. അതീ ഡ്രസ്സിങ് തരുന്ന പ്രിവിലേജുണ്ടല്ലോ. പക്ഷേ ഒരാഴ്ച ജോലിക്കു പോവാതിരുന്നാല്‍ കൈയില്‍ അഞ്ചുപൈസ എടുക്കാനില്ലാത്ത അവസ്ഥയുള്ളൊരു സമൂഹമുണ്ട്. അപ്പോള്‍ പറഞ്ഞുവന്നത് മറ്റൊരു കൂട്ടരെ കണ്ടുവെന്നതാണ്. പലരും ലോക്ക്ഡൗണ്‍ ഹോളിഡേ മൂഡിലാണ് ആഘോഷിക്കുന്നത്. 

വീട്ടില്‍ ആവശ്യത്തിന് പലചരക്കും പച്ചക്കറിയും ഒക്കെയുണ്ടാകും ഇവര്‍ക്ക്. അതുകൊണ്ടുതന്നെ ഇന്നു രാവിലെ മുതല്‍ ഒരുപാട് പാചക പരീക്ഷണങ്ങള്‍ കണ്ടു. നല്ലതുതന്നെ. പക്ഷേ ചില സമയങ്ങള്‍ നമുക്കു മറ്റു ചിലതിനു വേണ്ടി ഉപയോഗിച്ചുകൂടേ? നിങ്ങള്‍ക്കു പാചകം ചെയ്യാനൊക്കെ അത്രയും ഇഷ്ടമാണെങ്കില്‍ അതെന്തുകൊണ്ടു മറ്റൊരു രീതിയിലായിക്കൂടാ? കഴിയുമെങ്കില്‍ രണ്ടുപേര്‍ക്കുള്ള ഭക്ഷണം കൂടി കൂടുതലായുണ്ടാക്കൂ. കഴിയുന്നവരോടു മാത്രമാണ്, ഈ 21 ദിവസം സ്റ്റേബിളാണെന്ന് ഉറപ്പുള്ളവരോടാണ്. നിങ്ങള്‍ക്കു ചുറ്റും ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്ന ആളുകളുണ്ടാവും. അതിനു പുറത്തിറങ്ങി കറങ്ങിനടക്കേണ്ട ആവശ്യമൊന്നുമില്ല. തൊട്ടടുത്തു തന്നെയുണ്ടാകും. നിങ്ങള്‍ക്കു തന്നെ ഒരു ബോധ്യമുണ്ടാവില്ലേ തൊട്ടടുത്തുള്ളവരെക്കുറിച്ച്. ചോദിക്കുക അവരോട്. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങൊന്നും നഷ്ടപ്പെടാത്ത തരത്തില്‍ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുമല്ലോ. അതിഥിത്തൊഴിലാളികളുണ്ടാവും. കൂലിപ്പണി ചെയ്തു ജീവിതം കൊണ്ടുപോവുന്നവരുണ്ടാവും. ലോക്ക്ഡൗണിലും പണിയെടുക്കേണ്ടി വരുന്നവരുണ്ടാകും. നിങ്ങളോടൊക്കെ അവര്‍ക്കു ചിലപ്പോള്‍ മടിയുണ്ടാകും മനുഷ്യന്മാരേ. നമ്മള്‍ കണ്ടെത്തുക അക്കൂട്ടരെ. അല്ലെങ്കില്‍ എത്രയോ സംഘടനകളുണ്ട്. ഭക്ഷണം അവരെ ഏല്‍പ്പിക്കുക.

സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടു നമ്മളെ പട്ടിണിക്കിടാതിരിക്കാന്‍. പക്ഷേ ഇനി വരുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കാഴ്ചയെത്താത്ത സ്ഥലങ്ങള്‍ പോലുമുണ്ടാകും, ചിലപ്പോള്‍ നമ്മുടെ കൈയെത്തും ദൂരത്ത്. അടുക്കളയിലെ പരീക്ഷണങ്ങളിലൂടെ നമുക്കു കിട്ടുന്നതിനേക്കാള്‍ എത്രയോ ടേസ്റ്റുണ്ടാകുമെന്നറിയ്യോ ഈ മനുഷ്യന്മാര് അതൊന്നു നാവില് വെയ്ക്കുമ്പോള്‍. ഇങ്ങനെയൊക്കെയേ നമുക്ക് അതിജീവിക്കാനാവൂ വരുംകാലത്തെ. നമ്മളെക്കൊണ്ടു പറ്റും ചങ്ങായിമാരേ, നമ്മളത് എത്രയോ വട്ടം തെളിയിച്ചതാണ്. നാളെമുതല്‍ ഒരു പിടിയരി കൂടുതലിടുന്ന ഓരോരുത്തര്‍ക്കും ഉമ്മ മനുഷ്യന്മാരേ..

Loading...
COMMENTS