രോഗത്തെ വിട്ട് രോഗിയെ ആക്രമിച്ച് സമൂഹം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ സമൂഹ നിരീക്ഷണം രോഗികൾക്കെതിരായ വിേദ്വഷമായി പരിണമിക്കുന്നു. കോവിഡ് ചികിത്സയിലിരിക്കെ, ആശുപത്രി വിട്ടതിന് നാട്ടുകാർ വളഞ്ഞിട്ട് പിടിച്ചയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യ ചെയ്തിരുന്നു. ക്വാറൻറീനിൽ കഴിയുന്നവർക്കും അവരുടെ വീടിനു നേരെയും നടക്കുന്ന ആക്രമണവും ഒറ്റപ്പെടുത്തലും വർധിക്കുന്നത് സമൂഹ വിേദ്വഷത്തിലേക്ക് കടന്നതിെൻറ സൂചനയായി ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നു.
കോവിഡ് വ്യാപന തുടക്കത്തിൽ രോഗികളെ രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്യുകയായിരുന്നു സമൂഹം. പക്ഷേ, വിദേശത്തും ഇതര സംസ്ഥാനങ്ങളിലുംനിന്ന് തിരിച്ചുവരവ് വർധിക്കുകയും രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ രോഗികളെ അപരരായി കണ്ട് അകറ്റിനിർത്തുന്ന പ്രവണത വർധിക്കുകയാണ്. തുടക്കത്തിലേ ഇടപെട്ടില്ലെങ്കിൽ വൈറസിെൻറ സമൂഹ വ്യാപനത്തെക്കാൾ ഭീതിദമായ അവസ്ഥയിലേക്കാകും സമൂഹം നീങ്ങുകയെന്ന ആശങ്കയും ഉയരുകയാണ്. വൈറസിനെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മാർഗനിർദേശത്തിൽ ഏറ്റവും സുപ്രധാനം ശാരീരിക അകലമാണ്. പക്ഷേ, സാമൂഹിക അകലമെന്ന പദപ്രയോഗമാണ് സംസ്ഥാന സർക്കാർ നടത്തിയത്. ഇത് പാളിച്ചയായെന്ന് സാമൂഹിക ശാസ്ത്രജ്ഞർ പറയുന്നു. ‘ഒാരോ ഘട്ടത്തിലും ഉപയോഗിേക്കണ്ട വാക്കുകൾ പ്രധാനമാണെന്ന് സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് പ്രഫ. ജെ. ദേവിക ‘മാധ്യമ’ത്തോട് പറഞ്ഞു. ‘ശാരീരിക അകലമെന്ന പദമായിരുന്നു സാമൂഹിക അകലത്തിനു പകരം ഉപയോഗിേക്കണ്ടിയിരുന്നത്. സാമൂഹിക അകലം നമ്മുടെ മനസ്സിൽ അബോധമായുള്ള ജാതീയതയെ ഉണർത്തുന്നതാെണ’ന്നും അവർ പറഞ്ഞു.
തബ്ലീഗ് ജമാഅത്തും കോവിഡുമായി ബന്ധപ്പെടുത്തി കേരളത്തിലടക്കം സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തിയ പ്രചാരണം രോഗത്തെക്കാൾ ശ്രദ്ധ രോഗികളിലേക്ക് തിരിച്ചു. ഒപ്പം ക്വാറൻറീനിൽ കഴിയുന്നവർ ലംഘിക്കുന്നുണ്ടോയെന്ന് അയൽവീട്ടുകാർ ശ്രദ്ധിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഭയം വളർത്തി. രോഗ നിയന്ത്രണത്തിെൻറ മാനദണ്ഡങ്ങളുടെ പേരിൽ നടത്തിയ പ്രസ്താവനയും വാദപ്രതിവാദവും ഒരു ഭാഗത്ത് സമൂഹത്തിൽ ഭയം വളർത്തിയെന്ന ആക്ഷേപവുമുണ്ട്. ഇതിൽ ഭരണ, പ്രതിപക്ഷ ഭേദെമന്യേ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും തുല്യ ഉത്തരവാദിത്തമുണ്ട്. പ്രവാസികളെ കൊണ്ടുവരുന്നതിൽ കേന്ദ്ര സഹമന്ത്രിയുടെ പ്രസ്താവന, വാളയാറിൽ എത്തിയവരുടെ രേഖാ വിഷയം, കർണാടക സർക്കാർ അതിർത്തി അടച്ചിട്ടത് എന്നിവയിലെ വിവാദവും തർക്കവും രോഗത്തെക്കാൾ രോഗികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിലേക്ക് മാത്രം രാഷ്ട്രീയ നേതൃത്വം ഒതുങ്ങിയതോടെ സാഹചര്യം ഗുരുതരമായെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
