‘കോവിഡ് 19 ജാഗ്രത’വെബ്സൈറ്റ് സൂപ്പർ ഹിറ്റ്
text_fields
കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ല ഭരണകൂടവും നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെൻററും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായി ആരംഭിച്ച കോവിഡ് 19 ജാഗ്രത ആപ്ലിക്കേഷന്‍ വന്‍ സ്വീകാര്യത. 70 ലക്ഷം ഹിറ്റുകളാണ് https://covid19jagratha.kerala.nic.in/ എന്ന വെബ്പോർട്ടലിന് ലഭിച്ചത്. മാര്‍ച്ച് 19 നാണ് കോവിഡ് 19 ജാഗ്രത ആപ്ലിക്കേഷന്‍ കോഴിക്കോട് ജില്ല ഭരണകൂടം പ്രവര്‍ത്തനക്ഷമമാക്കിയത്. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കുക, സമൂഹവ്യാപനത്തിന് ഇട നല്‍കാതെ പൊതുജനാരോഗ്യസുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുക എന്നിവയായിരുന്നു ലക്ഷ്യം.
ഹോം ക്വാറൻറീനില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, രോഗി പരിപാലനം, പരാതികള്‍ സമര്‍പ്പിക്കാനും പ്രശ്നപരിഹാരത്തിനുമായുള്ള ഓണ്‍ലൈന്‍ സംവിധാനം എന്നിവക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യം മനസ്സിലാക്കി ആപ്ലിക്കേഷന്‍ വിപുലീകരിക്കുകയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ആളുകളെ തിരികെ കൊണ്ടുവരാനുള്ള ട്രാവല്‍ പാസ് സംവിധാനവും സര്‍ക്കാര്‍ നിര്‍ദേശാനുസരണം ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തി. ട്രാവല്‍ പാസുകള്‍, റൂം ക്വാറൻറീനിലുള്ളവരുടെയും സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയും നിരീക്ഷണം, കോവിഡ് കെയര്‍ സെൻററുകളുടെയും ആശുപത്രികളുടെയും മാനേജ്മെൻറ്, പരാതി പരിഹാരം, കോവിഡ് ടെസ്റ്റിങ് വിവരങ്ങള്‍ തുടങ്ങിയവയും ഉൾപ്പെടുത്തി.
കേരളത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രണം, ആഭ്യന്തര- അന്തര്‍ദേശീയ യാത്രകള്‍ക്ക് പാസ് സംവിധാനം,വീടുകളിലേക്കും കോവിഡ് കെയര്‍ സെൻററുകളിലേക്കുമുള്ള സുരക്ഷിത യാത്ര, ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് റൂം ക്വാറൻറീനില്‍ കഴിയുന്ന വ്യക്തികളുടെ ദൈനംദിന രോഗ നിരീക്ഷണത്തിനും രോഗീ പരിപാലനത്തിനുമുള്ള സംവിധാനം എന്നിവയാണ് ആപ്ലിക്കേഷന്‍ മുന്നോട്ടുവെക്കുന്ന പ്രധാന സവിശേഷതകള്‍. ടെലി മെഡിസിന് കണ്സള്ട്ടേഷന്, ഓണ്‍ലൈന്‍ ഒ.പി. സംവിധാനം, ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കാനും വിദഗ്ധചികിത്സ നിര്‍ദേശിക്കാനുമുള്ള സൗകര്യം, ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും തുടങ്ങിയവയും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
