സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: എറണാകുളത്ത് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു
text_fieldsകൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന എറണാകുളം ടി.ഡി റോഡിലെ വ്യാപാരി തോപ്പുംപടി ബി.എസ്.എൻ.എൽ മാർക്കറ്റിനു സമീപം ഇ.എം.എസ് സ്മൃതിലയം റോഡിൽ താമസിക്കുന്ന യൂസഫ് സൈഫുദ്ദീനാണ് ( 66) മരിച്ചത്. കോവിഡിനൊപ്പം ന്യൂമോണിയ ഉൾെപ്പടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.
ജൂൺ 28ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ജൂലൈ ഒന്നിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ദീർഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിെൻറ സഹായത്തിലായിരുന്നു.
ഞായറാഴ്ച പകൽ ശ്വാസകോശത്തിൽ ന്യൂമോണിയ വ്യാപിക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ ഉൾെപ്പടെ ബാധിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മരിച്ചത്.
ഇദ്ദേഹത്തിെൻറ ഭാര്യ, മകൻ, മരുമകൾ, സ്ഥാപനത്തിലെ അന്തർ സംസ്ഥാനക്കാർ ഉൾെപ്പടെ നാലു ജീവനക്കാർ എന്നിവർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. നേരേത്ത മാർക്കറ്റിലെ ഇലക്ട്രിക്കൽസ് സ്ഥാപനത്തിലെ ഡ്രൈവറായ തൃശൂർ സ്വദേശിക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിനടുത്ത് മരിച്ച യൂസഫിെൻറ ഗോഡൗണുണ്ടായിരുന്നു. ഇതുവഴിയാണ് രോഗം പകർന്നതെന്നാണ് കണ്ടെത്തിയത്.
സംസ്ഥാനത്ത് 27ാമത്തെയും ജില്ലയിലെ രണ്ടാമത്തെയും കോവിഡ് മരണമാണിത്. മാർച്ച് 28ന് മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടാണ് സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് മരിച്ചത്.
ഭാര്യ: അര്‍വ യൂസഫ്. മക്കൾ: മുര്‍ത്താസ യൂസഫ്, മറിയ. മരുമക്കൾ: ഹുസേഫ, സൈനബ. ഖബറടക്കം തോപ്പുംപടി ബോറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
