കോടതികൾ ആകാശത്തുനിന്ന് ഉണ്ടായതല്ല, ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ കേസാണ്, കുറച്ചൊക്കെ സാമൂഹിക ഉത്തരവാദിത്തമാകാം -അഡ്വ. ടി.ബി. മിനി
text_fieldsതൃശൂർ: ക്വട്ടേഷൻ നൽകി ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ കേസിനെ സമീപിക്കുമ്പോൾ കോടതികൾക്ക് കൃത്യമായ സാമൂഹിക ഉത്തരവാദിത്തമുണ്ടാകണമെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. കോടതികൾ ആകാശത്തുനിന്ന് ഉണ്ടായതല്ലെന്നും ജ്വാല കലക്ടീവ് സംഘടിപ്പിച്ച ‘അവൾക്കൊപ്പം’ ഐക്യദാർഢ്യ സദസ്സിൽ സംസാരിക്കവേ അവർ പറഞ്ഞു.
നിയമനിർമാണസഭകൾ നിർമിക്കുന്ന നിയമമനുസരിച്ച് കേസുകൾ വ്യാഖ്യാനിക്കാൻ മാത്രമേ കോടതികൾക്ക് അധികാരമുള്ളൂ. എന്നാൽ, ഈ കേസിൽ തുടരന്വേഷണം നടത്തണമെന്ന ഹൈകോടതി ഉത്തരവ് കീഴ്‌കോടതി നടപ്പാക്കിയില്ല. കീഴ്‌കോടതികൾ ഹൈകോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്ന ചരിത്രമില്ല. എന്തുകൊണ്ട് ഉത്തരവ് നടപ്പാക്കിയില്ലെന്ന് ബന്ധപ്പെട്ട ജഡ്ജി കേരളത്തോട് പറയണമെന്നും അഡ്വ. മിനി ആവശ്യപ്പെട്ടു.
കോടതിയിൽ വാദം നടക്കുമ്പോൾ പ്രോസിക്യൂഷനെ പ്രതിഭാഗം അഭിഭാഷകന്റെ ജൂനിയർ കൈയേറ്റം ചെയ്യാൻ മുതിർന്ന സംഭവമുണ്ടായിട്ടും ജഡ്ജി നടപടിയെടുത്തില്ലെന്ന് അവർ പറഞ്ഞു. തനിക്കെതിരെ നിരന്തരം ഭീഷണി ഉയരുന്നുണ്ടെങ്കിലും നീതിക്കായുള്ള പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി.
പ്രായവും സമയവും മറന്ന് ഒരു വലിയ കാര്യത്തിനായി കൂടെ നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്ത അതിജീവിതയുടെ സഹോദരൻ പറഞ്ഞു. തൃശൂർ കോർപറേഷന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ജ്വാല കൺവീനർ ടി.എ. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി വൈസ് പ്രസിഡന്റ് പുഷ്പാവതി, മുൻ മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, അഡ്വ. ആശ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

