Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടിൽ മരംമുറി കേസ്:...

മുട്ടിൽ മരംമുറി കേസ്: പിടിച്ചെടുത്ത മരങ്ങളുടെ പൂർണ കണക്ക് സമർപ്പിക്കാൻ കോടതി നിർദേശം

text_fields
bookmark_border
മുട്ടിൽ മരംമുറി കേസ്: പിടിച്ചെടുത്ത മരങ്ങളുടെ പൂർണ കണക്ക് സമർപ്പിക്കാൻ കോടതി നിർദേശം
cancel

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ പിടിച്ചെടുത്ത മരങ്ങളുടെ കൊമ്പുകൾ ഉൾപ്പെടെയുള്ളവയുടെ പൂർണമായ കണക്ക് സമർപ്പിക്കാൻ സുൽത്താൻ ബത്തേരി സി.ജെ.എം കോടതി പൊലീസിന് നിർദേശം നൽകി. കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളിൽനിന്ന് പിടിച്ചെടുത്ത തടികൾ ലേലം ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കോടതി ഇടപെടൽ.

നേരത്തെ, 112 മരങ്ങളിൽ നിന്നായി 800 തടികൾ പിടിച്ചെടുത്തതായാണ് പൊലീസ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ, ഇതിന്റെ ബാക്കി ഭാഗങ്ങളും മരക്കൊമ്പുകളും നിലവിൽ മേപ്പാടി റെയിഞ്ച് ഓഫിസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവയുടെ കൃത്യമായ കണക്കുകൂടി ലഭ്യമാക്കാനാണ് കോടതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ പ്രതികളായ മുട്ടിൽ മരംമുറി കേസിലെ അന്വേഷണം പൂർത്തിയാക്കി അന്വേഷണസംഘം സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ടേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതോടെ, വിവാദമായ ഈ സംഭവത്തിൽ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത 41 കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു.

നേരത്തെ, വനം വകുപ്പ് സ്വീകരിച്ച നടപടികൾക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ വയനാട് അഡീഷണൽ ജില്ല കോടതി തള്ളിയിരുന്നു. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ചുകടത്തിയ കേസിൽ, മരങ്ങൾ തങ്ങളുടേതാണെന്ന അവകാശവാദവുമായാണ് അഗസ്റ്റിൻ സഹോദരന്മാർ കോടതിയെ സമീപിച്ചത്.

എന്നാൽ, ഈ തടികൾ വനഭൂമിയിൽ നിന്നോ റവന്യൂ ഭൂമിയിൽ നിന്നോ ആണ് മുറിച്ചതെന്ന വനം വകുപ്പിന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു.

2020-21 കാലഘട്ടത്തിൽ ഇറങ്ങിയ വിവാദ റവന്യൂ ഉത്തരവിന്റെ മറപിടിച്ചായിരുന്നു മുട്ടിൽ സൗത്ത് വില്ലേജിൽനിന്ന് വൻതോതിൽ ഈട്ടിത്തടികൾ കൊള്ളയടിച്ചത്. അന്താരാഷ്ട്ര വിപണിയിൽ 15 കോടിയോളം രൂപ വിലമതിക്കുന്ന ഈ തടികൾ നിലവിൽ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Court Seeks Full Timber Count in Muttil Case
Next Story