അഭയകേസ്: തെളിവ് നശിപ്പിച്ചതിന് മുൻ എസ്.പി കെ.ടി മൈക്കിളിനെതിരെ നടപടി വേണമെന്ന് കോടതി
text_fieldsതിരുവനന്തപുരം : അഭയകേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി മൈക്കിളിനെതിരെ നടപടി വേണമെന്ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി. ഡി.ജി.പിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിധിന്യായത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരാമർശമുള്ളത്. അഭയകേസിന്‍റെ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ മൈക്കിൾ ശ്രമിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു.
അഭയയെ തലക്കടിച്ച് കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കോടതി വിധിന്യായത്തിൽ പറയുന്നത്. ഫാ. തോമസ് എം. കോട്ടൂർ വിവരാവകാശ പ്രവർത്തകനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവ്. രാജുവിന്‍റെ മൊഴിയും വിശ്വസനീയം. സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധന ഫലവും അടുക്കളയിലെ സാന്നിധ്യവും ശക്തമായ തെളിവായി. ഫാദർ കോട്ടൂർ കോൺവെന്‍റിലെ സ്ഥിരം സന്ദർശകനാണെന്നും വിധിന്യായത്തിലുണ്ട്.
സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം തടവ് ശിക്ഷയും കോടതി ഇന്ന് വിധിച്ചിരുന്നു.