നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികൾക്കും ജാമ്യമില്ല
text_fieldsസുഹൈൽ സജീവ്
കൊച്ചി: അമിതവേഗതയിൽ എത്തിയ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നിനവ്, ജോയൽ, അമീർ എന്നീ നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
വലിയ വാദ പ്രതിവാദനത്തിലൂടെയാണ് ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. അന്വേഷണം നിർണായക ഘട്ടത്തിലൂടെയാണ് പോകുന്നത്. വാഹനത്തിന്റെ ഇവന്റ് ടാറ്റ റെക്കോർഡ് ഫലം വരാനുണ്ട്. അതാണ് അപകടത്തിന്റെ ആഘാതം നിർണയിക്കുന്ന കൃത്യമായ തെളിവുകൾ നൽകുന്നത്. ഈ പശ്ചാത്തലത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി കോടതിയിൽ വാദിച്ചു. അതൊടൊപ്പം മദ്യപിച്ച സുഹൈലിന്റെ രാസപരിശോധന ഫലം പുറത്ത് വരാനുണ്ട്. മദ്യത്തിന് പുറമെ മറ്റ് രാസലഹരികൾ പ്രതി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഈ പരിശോധനയിലൂടെയാണ് വ്യക്തമാവുകയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെച്ചാണ് പ്രതികളായ നാല് പേർക്കും ജാമ്യം നിഷേധിച്ചത്. കൂടാതെ മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചുണ്ടാകുന്ന അപകടത്തിൽ ആളുകൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് സമൂഹത്തിന് ബോധ്യമുണ്ട്. അതിനാൽ ഇത്തരത്തിൽ ഒരു വ്യക്തി ഈ പ്രവർത്തി ചെയ്താൽ അത് കൊലപാതകത്തിന് തുല്യമാണെന്നും പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് കൊല്ലപ്പെട്ട വ്യക്തികളുടെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതെല്ലം അടിസ്ഥാനമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
ഒക്ടോബർ 11ന് പുലർച്ചെയാണ് അമിത വേഗതയിലെത്തിയ മിനി കൂപ്പർ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച മൂന്നുപേർ കൊല്ലപ്പെട്ടത്. വാഹനം ഓടിച്ച സുഹൈലിന് കുരുക്കായത് സുഹൃത്തിനയച്ച ഓഡിയോ സന്ദേശമാണ്. സന്ദേശത്തിൽ അപകടത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുന്നുണ്ട്.
അമിത വേഗത്തിൽ വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അപായപ്പെടുത്തും വിധം വാഹനം ഓടിക്കൽ, ബോധപൂർവമുള്ള നരഹത്യ, എന്നിവ കൂടാതെ മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ഉൾപ്പെടെയാണ് മുഖ്യപ്രതി സുഹൈൽ സജീവിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. കൂടാതെ സഹയാത്രികരായ നിനവ്, ജോയൽ, അമീർ എന്നിവർക്കെതിരെ പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട്.

