2025ൽ ദ്വാരപാലക പാളി കടത്തിയ സംഭവം; തന്ത്രി കണ്ഠര് രാജീവര് ഉൾപ്പെടെ ഏഴ് പേർ പ്രതിപ്പട്ടികയിൽ
text_fieldsകൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ 2025ലെ ഇടപാടുകളുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും തന്ത്രി കണ്ഠര് രാജീവരുമടക്കം ഏഴ് പേർ പ്രതികളാകും. 2019ലെ സ്വർണക്കവർച്ച മറയ്ക്കാൻ 2025ൽ ദ്വാരപാലക ശിൽപങ്ങൾ ചെന്നൈയിലെത്തിച്ച് സ്വർണം പൂശിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ പ്രതി ചേർത്തത്. ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്മാർട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോർഡ് മുൻ അംഗം എ. അജികുമാർ, തിരുവാഭരണം കമീഷണറായിരുന്ന രജിലാൽ എന്നിവരാണ് മറ്റു പ്രതികൾ.
2025ൽ ചട്ടം ലംഘിച്ച് ശിൽപങ്ങൾ ചെന്നെയിലേക്ക് കടത്തിയ കേസിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ ഗൂഢാലോചനയിൽ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ട് എസ്.ഐ.ടി ഹൈകോടതിയിൽ സമർപ്പിച്ചു. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അതേസമയം, ജസ്റ്റിസ് ജി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് എസ്.ഐ.ടിക്ക് ജൂലൈ 20 വരെ അന്വേഷണത്തിനായി സമയം നീട്ടി നൽകി.
2019ൽ ദ്വാരപാലക ശില്പങ്ങളും കട്ടിളപ്പാളികളും ചെന്നൈയിലെത്തിച്ച് സ്വർണം കവർന്ന കേസിൽ അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം ഉടൻ നൽകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എസ്. ശശിധരൻ അറിയിച്ചു. ഈ കേസിലെ പ്രതി മുരാരി ബാബു നേരത്തെ മരിച്ചിരുന്നു. തട്ടിപ്പ് ലക്ഷ്യമിട്ട് 2019ൽ ബോർഡ് ഉദ്യോഗസ്ഥർ സ്വർണപ്പാളികളെ ‘ചെമ്പ് തകിടുകൾ’ എന്ന് രേഖകളിൽ തെറ്റായി രേഖപ്പെടുത്തി ചെന്നൈയിൽ എത്തിച്ച് സ്വർണം നീക്കി പകരം കുറഞ്ഞ അളവിൽ പൂശിയതായി റിപ്പോർട്ടിൽ പറയുന്നു. ബാക്കി സ്വർണം പ്രതികൾ തട്ടിയെടുത്ത ശേഷം 40 വർഷത്തെ വാറണ്ടിയും നൽകി. മാസങ്ങൾക്കകം ശിൽപ്പങ്ങളിലെ ചെമ്പ് പുറത്തുവന്നതോടെയാണ് മോഷണം മറയ്ക്കാൻ ശിൽപങ്ങൾ വീണ്ടും സ്വർണം പൂശാനെന്ന വ്യാജേന ചെന്നൈക്ക് കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടത്.
പി.എസ്. പ്രശാന്ത് ചുമതലയേറ്റയുടൻ ഉണ്ണിക്കൃഷ്ണൻ പോറ്റി വിശ്വാസം പിടിച്ചുപറ്റി ഗൂഢാലോചനയിൽ പങ്കാളിയാക്കി. സ്വർണം ദുരുപയോഗം ചെയ്തത് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. എന്നിട്ടും ദേവസ്വം മാനുവലും ഹൈകോടതി ഉത്തരവുകളും ലംഘിച്ചാണ് 2025ൽ ശിൽപങ്ങൾ ചെന്നൈക്ക് കൊണ്ടുപോകാൻ ബോർഡ് തീരുമാനമെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മുൻ ബോർഡ് അംഗം സുന്ദരേശൻ, സെക്രട്ടറി ബിന്ദു, തന്ത്രി മഹേഷ് മോഹനരര്, ഉദ്യോഗസ്ഥരായ സുനില, ഒ.ജി. ബിജു, ശ്രീനിവാസ്, ഹേമന്ത്, വി.എസ്. രാജേന്ദ്ര പ്രസാദ് , ജ്വല്ലറി ഉടമ നാഗ ഗോവർധൻ എന്നിവരുടെ പങ്കും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. ജംഷഡ്പൂരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറി, വിക്രം സാരാഭായ് സ്പെയ്സ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള പരിശോധന ഫലങ്ങൾക്ക് കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
വിഷയത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയോ അധിക കുറ്റപത്രം സമർപ്പിക്കുകയോ ചെയ്യാമെന്ന് റിപ്പോർട്ട് പരിഗണിച്ച ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അതേസമയം, സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികൾ ദേവസ്വം ബെഞ്ച് ജൂലൈ 28ന് പരിഗണിക്കാൻ മാറ്റി.
പിന്നിൽ ഗൂഢാലോചനയെന്ന് പി.എസ് പ്രശാന്ത്
പ്രതി ചേർത്തത് ഗൂഢാലോചനയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഉണ്ണികൃഷ്ണൻ പോറ്റി കള്ളംപറഞ്ഞതിൽ ഗൂഢാലോചനയുണ്ടെന്നും തന്നെ പ്രതിയാക്കിയതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി കെ. മുരളീധരൻ കത്ത് കൊടുത്തത് അതിന്റെ തെളിവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാർ യാതൊരു സമ്മർദവും കേസന്വേഷിക്കുന്ന എസ്.ഐ.ടിയിൽ ചെലുത്തിയിട്ടില്ല. വിഷയത്തിൽ നിയമപരമായി കൂടിയാലോചിച്ച് മുന്നോട്ടുപോകും. 2025ലെ പ്രശ്നങ്ങളെക്കുറിച്ച് യാതൊരുവിധ ആക്ഷേപവുമില്ല. ഹൈകോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്നത് മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025ൽ കൃത്യമായ നടപടിക്രമങ്ങളാണ് പാലിച്ചത്. സെപ്റ്റംബർ ഏഴിനാണ് തിരുവാഭരണ കമീഷന്റെ നേതൃത്വത്തിൽ സന്നിധാനത്ത് എത്തുകയും ദ്വാരപാലക ശിൽപങ്ങൾ അഴിച്ചെടുക്കുകയും ചെയ്തത്. കോടതിയെ അറിയിക്കണമെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഉദ്യോഗസ്ഥർ സ്പെഷൽ കമീഷണറെ വിളിക്കുകയും റിപ്പോർട്ട് അയച്ചാൽ മതിയെന്ന് അറിയിക്കുകയും ചെയ്തു. ദ്വാരപാലക ശിൽപങ്ങൾ കൊണ്ടുപോകേണ്ടെന്ന് സ്പെഷൽ കമീഷണർ പറഞ്ഞിരുന്നെങ്കിൽ കൊണ്ടുപോകില്ലായിരുന്നു. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ വന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

