Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുനമ്പം ഭൂമി: കോടതി...

മുനമ്പം ഭൂമി: കോടതി നിരീക്ഷണം ജുഡീഷ്യൽ കമീഷൻ നിയമനസാധുത പരിശോധിച്ച ഹരജിയിൽ

text_fields
bookmark_border
മുനമ്പം ഭൂമി: കോടതി നിരീക്ഷണം ജുഡീഷ്യൽ കമീഷൻ നിയമനസാധുത പരിശോധിച്ച ഹരജിയിൽ
cancel

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമീഷൻ നിയമനം ശരിവെക്കുന്ന ഉത്തരവിലെ ഡിവിഷൻബെഞ്ചിന്‍റെ പുതിയ നിരീക്ഷണം 1971ലെ പറവൂർ സബ് കോടതി വിധിക്കും, ഇത് ശരിവെച്ച് തുടർന്നുണ്ടായ ഹൈകോടതി വിധിക്കും വിരുദ്ധം. 1975ലാണ് ജസ്റ്റിസ് കെ. ഭാസ്കരൻ, ജസ്റ്റിസ് സി. ബാലഗംഗാധര നായർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മുനമ്പം വഖഫ് ഭൂമിയാണെന്ന വിധി പുറപ്പെടുവിച്ചത്. ആധാരത്തിന്‍റെ സ്വഭാവവും രേഖകളും പരിഗണിച്ചായിരുന്നു ഈ വിധി.

അതേസമയം, മുനമ്പം ഭൂമിയിലെ താമസക്കാരുടെ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയ ജുഡീഷ്യൽ കമീഷന്‍റെ സാധുതയുമായി ബന്ധപ്പെട്ട അപ്പീൽ ഹരജിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഡിവിഷൻബെഞ്ചിന്‍റെ നിരീക്ഷണമുണ്ടായത്. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് പരിശോധിക്കലല്ല, വർഷങ്ങളായി തർക്കഭൂമിയിൽ താമസിക്കുന്നവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച വസ്തുതാന്വേഷണമാണ് ജുഡീഷ്യൽ കമീഷൻ നടത്തുന്നതെന്നായിരുന്നു സർക്കാറിന്‍റെ വാദം. എന്നാൽ, ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള അന്തിമ വിധിയുടെ സ്വഭാവത്തിലുള്ള നിരീക്ഷണംകൂടി നടത്തിയാണ് അപ്പീൽ ഹരജി കോടതി തീർപ്പാക്കിയത്.

ജുഡീഷ്യൽ കമീഷന്‍റെ നിയമനം റദ്ദാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവിട്ടത്. ഇത് ചോദ്യംചെയ്തായിരുന്നു സർക്കാർ ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. വഖഫ് ട്രൈബ്യൂണൽ മുമ്പാകെ കേസ് പരിഗണനയിലിരിക്കെ, ബന്ധപ്പെട്ട വിഷയത്തിൽ കമീഷന് ആധാരത്തിന്‍റെ സ്വഭാവമോ വഖഫാണോ അല്ലയോ എന്നൊന്നും പരിഗണിക്കാനാവില്ലെന്നായിരുന്നു സിംഗിൾബെഞ്ചിന്‍റെ നിരീക്ഷണം. വഖഫ് നിയമപ്രകാരം ഇനി ട്രൈബ്യൂണലിന് മാത്രമാണ് അതിനുള്ള അധികാരമുള്ളത്. പരിഗണനയിലുള്ള വിഷയം വഖഫ് ആണെങ്കിൽ സർക്കാറിന് പോലും വിരുദ്ധമായ നിർദേശം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, വഖഫ് ഭൂമി ആണോ അല്ലയോ എന്ന് പരിശോധിക്കാനും നിയമപരമായാണോ വഖഫ് ബോർഡ് പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കാനും ഹൈകോടതിക്ക് അധികാരമുണ്ടെന്നും വഖഫ് നിയമപ്രകാരം ട്രൈബ്യൂണലിനെ സമീപിക്കാമെന്നതിന്റെ പേരില്‍ ഇത് ഇല്ലാതാകുന്നില്ലെന്നുമുള്ള വിലയിരുത്തലാണ് ഡിവിഷൻബെഞ്ച് നടത്തിയത്.

വികസന പ്രവർത്തനങ്ങൾക്കായി ’50കളിൽ അബ്ദുൽസത്താർ സേട്ട് എന്ന ഭൂവുടമ കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്മെന്റിന് കൈമാറിയ രേഖയിൽ ‘വഖഫ്’ എന്ന് പരാമർശമുണ്ടെങ്കിലും ആധാരത്തിലെ നാമകരണംകൊണ്ട് മാത്രം ഭൂമി വഖഫ് ആകില്ലെന്ന് നിരീക്ഷിക്കുന്ന ഡിവിഷൻബെഞ്ച്, ഇത് ‘ഗിഫ്റ്റ് ഡീഡ്’ ആണെന്നാണ് വിലയിരുത്തിയത്. കൈമാറിയതിൽ ശേഷിക്കുന്നത് 114 ഏക്കറാണ്. ഇവിടെ താമസിക്കുന്ന 600 കുടുംബങ്ങളുടെ ഉപജീവനം ഇല്ലാതാക്കി ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് വഖഫ് ബോർഡ് നടത്തിയതെന്ന രൂക്ഷ വിമർശനവും ഡിവിഷൻബെഞ്ച് ഉന്നയിച്ചിട്ടുണ്ട്. ഇക്കണക്കിന് ഭാവിയിൽ ഏതെങ്കിലുമൊക്കെ രേഖകൾ വെച്ച് താജ്മഹലോ ചെങ്കോട്ടയോ നിയമസഭ മന്ദിരമോ ഹൈകോടതി പോലുമോ വഖഫ് സ്വത്തായി ചിത്രീകരിക്കാം. വഖഫ് ബോർഡിന്റെ ഇത്തരം നടപടി ഇന്ത്യയിൽ അനുവദിക്കാനാകില്ലെന്ന് ഉത്തരവിൽ പറയുന്നു.

നാല് ചുമരുകൾക്കുള്ളിൽ ഫാറൂഖ് മാനേജ്മെന്റിനെ മാത്രം കേട്ടാണ് ബോർഡ് ഏകപക്ഷീയ തീരുമാനം പ്രഖ്യാപിച്ചതെന്ന് ഡിവിഷൻബെഞ്ച് കുറ്റപ്പെടുത്തുന്നു. നൂറുകണക്കിന് വരുന്ന താമസക്കാരെ അവഗണിച്ചുള്ള നടപടിയിൽ കണ്ണും കെട്ടിയിരിക്കാനാവില്ല. മുനമ്പത്തെ ഭൂമിയുടെ കാര്യത്തില്‍ കേരള വഖഫ് ബോര്‍ഡ് എന്തിനാണ് 69 വര്‍ഷത്തെ ഹിമാലയന്‍ മൗനം പാലിച്ചതെന്നതിന് വിശദീകരണവും നല്‍കുന്നില്ലെന്ന കുറ്റപ്പെടുത്തലുമുണ്ട്.

1967ൽ പറവൂർ സബ് കോടതിയിലെത്തിയ കേസിൽ ഭൂമി വഖഫാണെന്ന് നാലുതവണ സത്യവാങ്മൂലം നൽകിയ ഫാറൂഖ് കോളജ് ഇപ്പോഴത്തെ കേസിൽ വഖഫ് ഭൂമിയല്ലെന്ന നിലപാട് സ്വീകരിച്ചു. വഖഫ് ഭൂമിയാണെന്ന പറവൂർ കോടതിയുടെയും ഹൈകോടതിയുടെയും വിധികൾക്ക് പുറമെ, ഈ വിധികളുടെ അടിസ്ഥാനത്തിൽ ഇവിടത്തെ താമസക്കാരിൽനിന്ന് കരം സ്വീകരിക്കുന്നത് വിലക്കിയുള്ള ഉത്തരവുകളടക്കം ഹൈകോടതിയിൽ നിന്നുണ്ടായിട്ടുണ്ട്.

ജുഡീഷ്യൽ കമീഷൻ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഈ ഉത്തരവുകൾക്ക് വിരുദ്ധമായ നിലപാടാണ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിരീക്ഷണത്തിലൂടെ കോടതി സ്വീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtWaqf LandMunambam land issue
News Summary - Court observation on the petition examining the validity of the appointment of the Judicial Commission
Next Story