ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും കോടതി നോട്ടീസ്; കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ ഹരജിയിലാണ് നടപടി
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എം.എൽ.എക്കും നോട്ടീസ്. ഡ്രൈവര്‍ യദു നല്‍കിയ സ്വകാര്യ അന്യായ ഹരജിയിലാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചത്. ആര്യയെയും സച്ചിനെയും പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയതിനെതിരെയായിരുന്നു യദു കോടതിയെ സമീപിച്ചത്.
ഹരജി സ്വീകരിച്ചതിന്റെ പ്രാഥമിക നടപടികളെന്നോണമാണ് ഇരുവര്‍ക്കും കോടതി നോട്ടീസ് അയച്ചത്. ഇവരുടെ വാദം കോടതി വൈകാതെ വിശദമായി കേള്‍ക്കും. അതിന് ശേഷമായിരിക്കും കേസുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികളിലേക്ക് കോടതി കടക്കുക. ആര്യയുടെ സഹോദര ഭാര്യയോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന്റെ കുറ്റപത്രത്തിൽ ആര്യയുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് പ്രതിയാക്കിയിരുന്നത്. എന്നാൽ ആര്യയെയും സച്ചിനെയും കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തണമെന്നാണ് യദുവിന്റെ ആവശ്യം.
കേസിലെ നിർണായക തെളിവായിരുന്നു ബസിലെ സി.സി.ടി.വി മെമ്മറി കാർഡ്. ഇത് നശിപ്പിച്ചത് അന്നത്തെ കണ്ടക്ടർ സുബിൻ ആണെന്നും യദു ഹരജിയിൽ ആരോപിക്കുന്നുണ്ട്. ആര്യയുടെയും സച്ചിന്റെയും സമ്മർദത്തിന് വഴങ്ങിയാണ് സുബിൻ ഇങ്ങനെ ചെയ്തതെന്നും സുബിനെ കൂടി പ്രതിയാക്കി പുനരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാളയത്ത് വെച്ചായിരുന്നു മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു ആര്യ രാജേന്ദ്രന്റെ പരാതി. പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. നേരത്തെ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് ആര്യക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

