തൊണ്ടിമുതൽ മോഷണകേസിൽ മന്ത്രി ആൻറണി രാജുവിന് ആശ്വാസം; തുടർനടപടികൾക്ക് ഒരുമാസത്തെ സ്റ്റേ
text_fieldsമന്ത്രി ആന്റണി രാജു അടക്കമുള്ളവർ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷ്ടിച്ച് കൃത്രിമം നടത്തിയ കേസിലെ വിചാരണ നടപടികൾക്ക് ഒരു മാസത്തെ സ്റ്റേ. മന്ത്രി നൽകിയ ഹരജി പരിഗണിച്ചാണ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ അനുവദിച്ചത്. നാളെ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് തുടർനടപടികൾ കോടതി ഒരു മാസത്തേക്ക് തടഞ്ഞത്.
മയക്കുമരുന്നു കേസിലെ പ്രതിയായ ആസ്ത്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷ്ടിച്ച് കൃത്രിമ നടത്തിയെന്നാണ് ആന്റണി രാജു അടക്കമുള്ളവർക്കെതിരായ കേസ്. മയക്കുമരുന്ന് കേസിൽ ആസ്ത്രിലയൻ പൗരനെ വഞ്ചിയൂർ സെഷൻസ് കോടതി പത്തു വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, ഹൈകോടതിയിൽ നൽകിയ അപ്പീലിൽ പ്രതിയെ വെറുതെ വിട്ടിരുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു പ്രതിഭാഗം വാദിച്ചത്.
ആന്റണി രാജുവായിരുന്നു ആസ്ത്രേലിയൻ പൗരന്റെ അഭിഭാഷകൻ. കോടതി ക്ലാർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതലായ അടിവസ്ത്രം മോഷ്ടിക്കുകയും അതിൽ കൃത്രിമം കാണിക്കുകയും ചെയ്താണ് കേസ് അട്ടിമറിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. തുടർന്ന് ആന്റണി രാജു അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. ഈ കേസിൽ 2006 ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും എട്ടുവർഷത്തോളം ഒരു നടപടിയും ഉണ്ടായില്ല. 2014 ൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് ഇത് കൈമാറി.
ഈ കേസിലെ വിചാരണ നടപടികളാണ് അടുത്ത ദിവസം തുടങ്ങാനിരുന്നത്. അതിനിടെ കഴിഞ്ഞ ദിവസമാണ് വിചാരണ നടപടി തടയണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈകോടതിയിൽ ഹരജി നൽകിയത്. ഈ ഹരജി അനുവദിച്ചാണ് ഒരു മാസത്തേക്ക് തുടർനടപടികൾ ഹൈകോടതി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

