യുവാവിനെ കുട്ടികൾക്ക് മുന്നിലിട്ട് വെട്ടി കാൽ മുറിച്ച് റോഡിലെറിഞ്ഞ കേസ്: എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി
text_fieldsതിരുവനന്തപുരം: പോത്തോൻകോട് ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് സുധീഷ് എന്ന യുവാവിനെ വെട്ടിക്കൊന്ന കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ 11 പ്രതികളും കൊലകുറ്റത്തിന് കുറ്റക്കാരാണെന്ന് നെടുമങ്ങാട് എസ്.എസി-എസ്.എസ്.ടി കോടതി വിധിച്ചു. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കും.
2021 ഡിസംബർ 11നായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. വധശ്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെ സുധീഷിനെ എതിർ ചേരിയില്പ്പെട്ട ഗുണ്ടാസംഘം കല്ലൂർ പാണൻവിളയിലെ വീട്ടിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഗുണ്ടാസംഘം ആദ്യം നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികളെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവീട്ടിൽ ഓടിക്കയറി. വീടിന്റെ വാതിലും ജനലും തകർത്ത് അകത്തുകയറിയ സംഘം അവിടെയുണ്ടായിരുന്ന കുട്ടികൾക്ക് മുന്നിലിട്ട് സുധീഷിനെ ദേഹമാസകലം വാളും മഴുവും കൊണ്ട് വെട്ടി. ഇടതുകാൽ വെട്ടിയെടുത്ത് ബൈക്കിൽ അരകിലോമീറ്റർ അകലെ കല്ലൂർ മൃഗാശുപത്രി ജങ്ഷനിലെത്തി ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് റോഡിൽ വലിച്ചെറിഞ്ഞശേഷം രക്ഷപ്പെട്ടു. ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതിനാൽ ആരും വീടുകളിൽനിന്ന് പുറത്തിറങ്ങിയില്ല.
കാൽ റോഡിൽ വലിച്ചെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തന്നെ വെട്ടിയവരുടെ പേര് സുധീഷ് മരണമൊഴിയായി പൊലീസിനോട് പറഞ്ഞിരുന്നു.
കേസിൽ മുഖ്യ ആസൂത്രകൻ ഒട്ടകം രാജേഷ് തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽനിന്നാണ് പിടിയിലായിരുന്നത്. ഒട്ടകം രാജേഷിനെ തേടിയുള്ള യാത്രക്കിടെ തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ പുന്നപ്ര ആലിശ്ശേരി കാർത്തികയിൽ എസ്. ബാലു (27) വള്ളം മറിഞ്ഞ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

