ത്വലാഖിന് സാധുത തേടി യുവാവ് നൽകിയ ഹരജി തള്ളി
text_fieldsമലപ്പുറം: ത്വലാഖ് സാധുവായിക്കിട്ടണമെന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹരജി കുടുംബകോടതി തള്ളി. ഇസ്ലാമിക നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി മലപ്പുറം കുടുംബകോടതി തള്ളിയത്. അരീക്കോട് സ്വദേശിയും മുതുവല്ലൂർ സ്വദേശിനിയും തമ്മിലുള്ള വിവാഹമോചന കേസിലാണ് ജഡ്ജി രമേഷ്ഭായുടെ വിധി.
ഖുർആൻ നിർദേശപ്രകാരം വിവാഹമോചനത്തിന് മതിയായ കാരണം വേണം. ത്വലാഖ് നടത്തുന്നതിന് മുമ്പ് ഇരുവർക്കുമിടയിൽ മധ്യസ്ഥശ്രമം നടക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവ തെളിയിക്കാൻ യുവാവിനായില്ല. ഇവ രണ്ടും ഇല്ലാതെയുള്ള ത്വലാഖാണ് ഇരുവർക്കുമിടയിൽ നടന്നതെന്നും അതിനാൽ നിയമസാധുത നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
1994 മാർച്ച് 16നാണ് ഇവരുടെ വിവാഹം നടന്നത്. ഏതാനും വർഷങ്ങൾക്ക് ശേഷം ഭർത്താവ് യുവതിയെ ഉപേക്ഷിച്ചു. യുവതി 2008ൽ കോടതിയെ സമീപിച്ച് ഭർത്താവിൽനിന്ന് ജീവനാംശത്തിന് അർഹത നേടിയിരുന്നു. 2012ൽ യുവാവ് ത്വലാഖ് നടത്തി രേഖകൾ അയച്ചെങ്കിലും കോടതി സ്വീകരിച്ചില്ല. തുടർന്ന്, ത്വലാഖിന് നിയമസാധുത തേടി യുവാവ് മലപ്പുറം കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. ഇൗ അപേക്ഷയാണ് ഖുർആൻ നിബന്ധനകൾ പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കുടുംബകോടതി തള്ളിയത്. ഭർത്താവ് വേറെ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്നും യുവതി കോടതിയെ ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
