എം.എസ്സി നഴ്സിങ്: ബോണ്ട് ഉത്തരവ് കോടതി റദ്ദാക്കി
text_fieldsകൊച്ചി: ഗവ. കോളജുകളിൽനിന്ന് കോഴ്സ് പൂർത്തിയാക്കിയ എം.എസ്സി നഴ്സിങ് വിദ്യാർഥികൾ ഒരുവർഷത്തെ അധ്യാപന സേവനത്തിന്റെ ഭാഗമായി നിർബന്ധമായും ബോണ്ട് കെട്ടിവെക്കണമെന്ന സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി. നിബന്ധന ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം നഴ്സിങ് വിദ്യാർഥികൾ നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നേരത്തേ ഹരജിക്കാരുടെ ആവശ്യം സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീലുമായി ഡിവിഷൻബെഞ്ചിനെ സമീപിച്ചത്.
2022-23 ബാച്ച് മുതൽ എം.എസ്സി നഴ്സിങ് പാസാകുന്ന വിദ്യാർഥികൾ സർക്കാർ ആശുപത്രികളിൽ ഒരുവർഷത്തെ സേവനത്തിന് ബോണ്ട് വെക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. സർക്കാർ സ്ഥാപനങ്ങളിൽ ഈ രീതിയിൽ തീരുമാനമെടുക്കുന്നത് നിയമപരമാണെന്നായിരുന്നു സിംഗിൾബെഞ്ചിന്റെ വിലയിരുത്തൽ. എന്നാൽ, ഇക്കാര്യത്തിൽ സർക്കാറിന് കൃത്യമായ നയമില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിർബന്ധിത സേവനം നടപ്പാക്കാൻ ആഗ്രഹിച്ചാൽ വിദ്യാർഥികൾ അത് പാലിക്കണമെന്നാണ് കോഴ്സിന്റെ പ്രോസ്പെക്ടസിൽ പറയുന്നത്. എന്നാൽ, ഇതിൽ വ്യക്തതയില്ല. വ്യവസ്ഥകൾ ഉറച്ചതാകണമെന്നതാണ് നിയമവാഴ്ചയുടെ അടിസ്ഥാനം. നിയമപരമായ ഉറപ്പിന് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ, അഡ്മിഷൻ രേഖകളിൽ വ്യക്തത വരുത്താതെ കോഴ്സിന്റെ മധ്യത്തിൽ ബോണ്ട് നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇത്തരമൊരു ബോണ്ടിന് സർക്കാറിന് നിർബന്ധിക്കാനാവില്ല. കോഴ്സ് പൂർത്തിയാകുന്ന മുറക്ക് ബോണ്ടിനെ എതിർക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിട്ടുനൽകണമെന്നും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

