തിരുവനന്തപുരം: സ്വാശ്രയ കോളജുകൾക്ക് ആവശ്യപ്പെട്ട കോഴ്സുകൾ അനുവദിച്ചപ്പോൾ സർക്കാർ, എയ്ഡഡ് കോളജുകളെ പട്ടികയിൽനിന്ന് വെട്ടി. പുതിയ കോഴ്സുകൾ അനുവദിക്കാൻ കാലിക്കറ്റ് സർവകലാശാല ശിപാർശ ചെയ്തതിൽ 13 എയ്ഡഡ് കോളജുകളും ഒരു സർക്കാർ കോളജുമുണ്ടായിരുന്നു. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജായ െഎ.എച്ച്.ആർ.ഡിക്ക് പുതിയ കോഴ്സുകൾ അനുവദിക്കുകയും ചെയ്തു.
തൃശൂർ കെ.കെ.ടി.എം ഗവ. കോളജിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (40 സീറ്റ്), എം.എസ്സി സുവോളജി (10 സീറ്റ്) അനുവദിക്കാൻ സർവകലാശാല ശിപാർശ ചെയ്തിരുന്നു. എന്നാൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ കോഴ്സുകൾ അനുവദിച്ച സർക്കാർ ഉത്തരവിൽനിന്ന് ഏക സർക്കാർ കോളജ് പുറത്തായി. എസ്.എൻ ചേളന്നൂർ, കോഴിക്കോട് ഗുരുവായൂരപ്പൻ, മുക്കം എം.എ.എം.ഒ, വയനാട് ഡബ്ല്യു.എം.ഒ, സുൽത്താൻ ബത്തേരി സെൻറ് മേരീസ്, കൊണ്ടോട്ടി ഇ.എം.ഇ.എ, പൊന്നാനി എം.ഇ.എസ്, വളാഞ്ചേരി എം.ഇ.എസ്, ഗുരുവായൂർ ലിറ്റിൽ ഫ്ലവർ, കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി, തൃശൂർ സെൻറ് മേരീസ്, ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ്, തൃശൂർ വിമല എന്നീ എയ്ഡഡ് കോളജുകളിലും പുതിയ ബിരുദ, പി.ജി കോഴ്സുകൾക്ക് കാലിക്കറ്റ് സർവകലാശാല ശിപാർശ ചെയ്തിരുന്നെങ്കിലും സർക്കാർ പട്ടികയിൽ നിന്ന് പുറത്തായി.
13 കോളജുകളിലും എയ്ഡഡ് സ്ട്രീമിലുള്ള കോഴ്സുകളാണ് സർവകലാശാല ശിപാർശ ചെയ്തത്. സർക്കാറിന് അധിക സാമ്പത്തികബാധ്യത വരുത്താൻ പാടില്ലെന്ന നിബന്ധനയിലാണ് സ്വാശ്രയ കോളജുകളിൽ കോഴ്സ് അനുവദിച്ചത്.
സർക്കാർ, എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതിന് ധനവകുപ്പ് അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഇൗ കോളജുകൾ പുറത്തായത്.