പുന്നയാറിലെ ദമ്പതികളുടെ ആത്മഹത്യ: സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
text_fieldsചെറുതോണി: കഞ്ഞിക്കുഴി പുന്നയാറിലെ ദമ്പതികളുടെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ രംഗത്ത്. രണ്ടുദിവസം മുമ്പാണ് ദമ്പതികള്‍ മക്കള്‍ക്ക് വിഷം നല്‍കിയശേഷം ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കഞ്ഞിക്കുഴിയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
പുന്നയാര്‍ കാരാടിയില്‍ ബിജു, ടിന്റു ദമ്പതികളാണ് മൂന്നു മക്കള്‍ക്ക് വിഷം നല്‍കിയശേഷം ആത്മഹത്യ ചെയ്തത്. ബ്ലേഡ് മാഫിയയുടെ ഇടപെടല്‍ മൂലമാണ് മരണം എന്നാണ് ആരോപണമുയര്‍ന്നത്. ബിജുവിന്റെ അമ്മയുടെ പേരിലുള്ള 77 സെന്റ് സ്ഥലത്തിന്റെ പട്ടയം കാണാതായതില്‍ ദുരൂഹതയുണ്ട്. ഈ സാഹചര്യത്തില്‍ കഞ്ഞിക്കുഴി കേന്ദ്രീകരിച്ച് പണം പലിശക്ക് നല്കുന്ന ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന് കഞ്ഞിക്കുഴി കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് ബിനു പുന്നയാര്‍ ആവശ്യപ്പെട്ടു.
ഇടുക്കി മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ സംരക്ഷണം ഇതിനോടകം ഏറ്റെടുത്ത് പലരും രംഗത്തെത്തി.മന്ത്രി റോഷി അഗസ്റ്റിന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചിരുന്നു. കുബേര ഓപറേഷന് നിശ്ചലമായ സാഹചര്യത്തിലാണ് ബ്ലേഡ് മാഫിയകള്‍ ജില്ല ആസ്ഥാനത്തെ പല പ്രദേശങ്ങളിലും പിടിമുറുക്കിയത്.ഇത്തരക്കാരെ അമര്‍ച്ച ചെയ്യുന്നതോടൊപ്പം ബിജുവിന്റെ മരണത്തിലെ യഥാർഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും ഇവരുടെ പട്ടയം വീണ്ടെടുത്ത് ബിജുവിന്റെ കുടുംബത്തിന് കൈമാറണമെന്നും വിവിധ പൗരസമിതി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കട്ടപ്പന: ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിൽ കുടുംബത്തിലെ അഞ്ചുപേർ ആത്മഹത്യക്ക് ശ്രമിക്കുകയും ദമ്പതികൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്.ബ്ലേഡ് മാഫിയയുടെ ഭീഷണി ആത്മഹത്യക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നു.ഫോൺ കോളുകൾ അടക്കം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മക്കളെ വല്യമ്മ ഏറ്റുവാങ്ങി
ചെറുതോണി: കഞ്ഞിക്കുഴിയിൽ വിഷം കഴിച്ച് ജീവനൊടുക്കിയ ദമ്പതികളായ ബിജുവിന്റെയും ടിൻറുവിന്റെയും മക്കളായ എയ്ഞ്ചൽ അബിൻ, ജോസുകുട്ടി എന്നിവരെ അപകടനില തരണം ചെയ്തതിനെത്തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തു. കുട്ടികളെ ടിൻറുവിന്റെ മാതാവ് ലീലാമ്മ സ്വീകരിച്ചു.
കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയാറായി പല വ്യക്തികളും സംഘടനകളും മുന്നോട്ട് വന്നെങ്കിലും ശിശുക്ഷേമ വകുപ്പ് ഇടപെട്ട് വല്യമ്മയായ ലീലാമ്മക്ക് കൈമാറുകയായിരുന്നു. അതേ സമയം, ദമ്പതികളുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെയിടയിൽ പ്രതിഷേധം വ്യാപകമാണ്. മരണത്തിന് പിന്നിൽ കഞ്ഞിക്കുഴിയിലെ ബ്ലേഡ് മാഫിയയാണെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

