വീട്ടിൽ പ്രസവം നടന്നതിനാൽ ജനന സർട്ടിഫിക്കറ്റ് തരുന്നില്ലെന്ന് ദമ്പതിമാർ; പ്രസവം അറിയിച്ചില്ലെന്ന് ഉദ്യോഗസ്ഥർ
text_fieldsകോഴിക്കോട്: വീട്ടിൽ പ്രസവിച്ചതിനാൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിക്കുന്നുവെന്ന പരാതിയുമായി ദമ്പതികൾ. കോഴിക്കോട് കോട്ടൂളിയിൽ താമസിക്കുന്ന ഷറാഫത്ത് മനുഷ്യാവകാശ കമീഷനിലാണ് പരാതി നൽകിയത്.
കോഴിക്കോട്ടെത്തിയിട്ട് രണ്ടു വർഷമായിട്ടുള്ളൂ എന്നതിനാൽ തൊട്ടടുത്ത് താമസിക്കുന്നവരെ മാത്രമാണ് പരിചയമെന്ന് ദമ്പതികൾ പറയുന്നു. ആശാ വർക്കർമാരെയോ അംഗൻവാടി പ്രവർത്തകരെയോ അറിയില്ലായിരുന്നു. ഇഖ്റ ആശുപത്രിയിലായിരുന്നു ഡോക്ടറെ കണ്ടിരുന്നത്. ഒക്ടോബർ 28നായിരുന്നു പ്രസവ ഡേറ്റ്. എന്നാൽ അന്ന് പ്രസവ വേദന വന്നില്ല. മരുന്ന് നൽകി പ്രസവം നടത്തും എന്നതിനാൽ അന്ന് ആശുപത്രിയിൽ പോയില്ല.
തങ്ങൾ രണ്ടുപേരും അക്യുപങ്ചർ പഠിച്ചിട്ടുണ്ട്. അങ്ങനെ പ്രസവം നടത്താനും മരുന്നിനും വാക്സിനേഷനുമൊന്നിനും താൽപര്യമില്ലായിരുന്നു. നവംബർ രണ്ടിനാണ് കുഞ്ഞ് പിറന്നത്. അന്ന് തന്നെ കെ-സ്മാർട് ആപ്ലിക്കേഷനിലൂടെ അപേക്ഷ നൽകി. എന്നാൽ, നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ ആശുപത്രിയിൽ എത്താതെ വീട്ടിൽ പ്രസവം നടത്തിയതിനാലും വിവരങ്ങൾ കൃത്യമായി അറിയിക്കാഞ്ഞതിനാലുമാണ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്തതെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. കുട്ടി ജനിച്ച വിവരം ആശവർക്കർമാരോ, അംഗൻവാടി വർക്കർമാരോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും, കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട് എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

