കമിതാക്കളുടെ ഒളിച്ചോട്ടം, വിവാഹം: കോടഞ്ചേരിയിൽ വിവാദം പുകയുന്നു
text_fieldsഷജിനും ജോസ്നയും
കോടഞ്ചേരി(കോഴിക്കോട്): ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെട്ട കമിതാക്കളുടെ ഒളിച്ചോട്ടവും വിവാഹവും കോടഞ്ചേരിയിൽ വിവാദമായി. നൂറാംതോട് സ്വദേശി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റി അംഗം എം.എസ്. ഷജിനും തെയ്യപ്പാറ സ്വദേശി ജോസ്നയുമാണ് വിവാഹിതരായത്. പ്രണയത്തിലായിരുന്ന ഇവർ മുസ്‍ലിം-ക്രിസ്ത്യൻ മതസ്ഥരാണ്.
വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടക്കാനിരിക്കെ പെൺകുട്ടിയെ കാണാതായി എന്ന പിതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്നു ആരോപിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോടഞ്ചേരി സ്റ്റേഷനിലേക്ക് പ്രതിഷേധ റാലി നടത്തിയിരുന്നു. പെൺകുട്ടിയുടെ പിതാവും മാതാവും കുടുംബാംഗങ്ങളടക്കം റാലിയിൽ പങ്കെടുത്തു. പ്രതിഷേധം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്വന്തം ഇഷ്ടപ്രകാരം ഷജിനോപ്പം പോയതാണെന്നും വിവാഹിതരായി എന്നുമുള്ള പെൺകുട്ടിയുടെ വിഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. താനും ഷജിനും ഇഷ്ടത്തിലായിരുന്നെന്നും തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും ജോസ്ന വിഡിയോയിൽ പറയുന്നുണ്ട്. ഒപ്പം വിവാഹശേഷമുള്ള പല ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
അതിനിടെ, കോടഞ്ചേരി എസ്.ഐ കോടതിയിൽ വെച്ച് അസഭ്യംപറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും തടഞ്ഞുവെച്ചതായും കമിതാക്കൾ പറഞ്ഞു. എന്നാൽ, വിവാഹം തങ്ങൾ അറിഞ്ഞില്ലെന്നും മകളെ എത്രയും വേഗം കണ്ടുപിടിച്ച് തിരികെ എത്തിക്കണമെന്നും അഭ്യർഥിച്ച് പെൺകുട്ടിയുടെ പിതാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. ഞായറാഴ്ച രാത്രി വിവിധ ചർച്ചുമായി ബന്ധപ്പെട്ട സംഘടനകളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ കോടഞ്ചേരിയിൽ ഒത്തുചേരുകയും പരാതിയിൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കോടഞ്ചേരി പ്രദേശങ്ങളിലുള്ള മറ്റു മതവിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെ കാണാതാവുന്നത് ആദ്യ സംഭവമല്ലെന്നും ഇനിയും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നുള്ള പ്രചരണങ്ങൾ പരിസരങ്ങളിൽ പല സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

