യുവദമ്പതികൾ കിടപ്പുമുറിയിൽ വെേട്ടറ്റ് മരിച്ച നിലയിൽ
text_fieldsനവദമ്പതികൾ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍
മാനന്തവാടി: വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിടുംമുമ്പ് നവദമ്പതികളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെള്ളമുണ്ട കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈൽ വാഴയില്‍ പരേതനായ മൊയ്തുവിെൻറയും ആയിഷയുടെയും മകന്‍ ഉമ്മര്‍ (27), ഭാര്യ മാനന്തവാടി ചെറ്റപ്പാലം ആറങ്ങാടന്‍ മുഹമ്മദെന്ന കച്ചിൻസ് മമ്മൂട്ടിയുടെയും സൈനബയുടെയും മകള്‍ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദമ്പതികള്‍ മാത്രം താമസിച്ചിരുന്ന വീട്ടില്‍ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഉമ്മറിെൻറ ഉമ്മ ആയിഷ എത്തിയപ്പോള്‍ അടുക്കളവാതില്‍ തുറന്ന നിലയിലായിരുന്നു. കിടപ്പുമുറിയില്‍ കയറി നോക്കിയപ്പോഴാണ് കട്ടിലില്‍ കൊല്ലപ്പെട്ട നിലയില്‍ മകനെയും ഭാര്യയെയും കണ്ടത്. മുറിയില രക്തം തളംകെട്ടി കിടക്കുന്ന നിലയിലായിരുന്നു. മുറിക്കുള്ളിലും പുറത്ത് കിണറിനടുത്തും മുളകുപൊടി വിതറിയ നിലയിൽ കണ്ടെത്തി. ആയിഷയുടെ നിലവിളി കേട്ട് ആളുകൾ എത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. വാതിലിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്തതിനാൽ അക്രമികൾ നേരത്തെ വീട്ടിനുള്ളില്‍ കയറിപ്പറ്റിയാണ് കൊല നടത്തിയതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
തലക്കും കഴുത്തിനുമേറ്റ ആഴത്തിലുള്ള വെട്ടാണ് മരണത്തിനിടയാക്കിയത്. ഉമ്മറിെൻറ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിലും ഫാത്തിമയുടെ മൃതദേഹം മലർന്ന് കിടക്കുന്ന നിലയിലുമാണ്. യുവതിയുടെ ദേഹത്തുണ്ടായിരുന്ന വള, മാല, പാദസ്വരം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, മോതിരവും കമ്മലും നഷ്ടപ്പെട്ടിട്ടില്ല. കവുങ്ങ് പാട്ടത്തിനെടുത്ത് അടക്ക കച്ചവടം ചെയ്തുവരികയായിരുന്നു ഉമ്മർ.
ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി, മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ, സി.ഐ പി.കെ. മണി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം വൈകീട്ട് 3.30ഓടെ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഫോറൻസിക്, സയൻറിഫിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യക്കാണ് അന്വേഷണ ചുമതല. അബ്ദുല്ല, മുനീർ (ദുബൈ), ഷാഹിദ എന്നിവരാണ് ഉമ്മറിെൻറ സഹോദരങ്ങൾ. ജസ്ന, നാജിയ, തൻഹ എന്നിവർ ഫാത്തിമയുടെ സഹോദരികളാണ്.
ഇരട്ടക്കൊലയിൽ നടുങ്ങി നാട്
വെള്ളമുണ്ട: വെള്ളിയാഴ്ച രാവിലെ ഞെട്ടലോടെയാണ് ജനം ആ വാർത്ത കേട്ടത്. ആദ്യമൊന്നും ആർക്കും വിശ്വസിക്കാനായില്ല. അറിഞ്ഞവർ പലതവണ പലരെയും വിളിച്ചാണ് കൊലപാതക വാർത്ത സ്ഥിരീകരിച്ചത്. കണ്ടത്തുവയൽ, പന്ത്രണ്ടാം മൈൽ ഗ്രാമങ്ങളിലെ നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എന്തിനിത് ചെയ്തുവെന്നാണ് എല്ലാവരുടെയും ചോദ്യം.
നവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിത്തരിച്ച് നിൽക്കുകയാണ് പന്ത്രണ്ടാം മൈൽ ഗ്രാമം. തൊണ്ടർനാട് പഞ്ചായത്തിലെ പരേതനായ വാഴയിൽ മൊയ്തുവിെൻറ മകൻ ഉമ്മർ (27) ഭാര്യ ചെറ്റപ്പാലം കച്ചിൻസ് മമ്മൂട്ടിയുടെ മകൾ ഫാത്തിമ (19) എന്നിവരെയാണ് അതിദാരുണമായ രീതിയിൽ കൊല്ലപ്പെട്ട നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. മോഷണശ്രമമാണ് ലക്ഷ്യമെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും ഏറ്റവും ലളിതമായ രീതിയില്‍ ജീവിക്കുന്നതും സാമ്പത്തികമായി മുന്നോക്കമല്ലാത്തതുമായ വീട്ടിലെ രണ്ട്പേരെ മോഷണത്തിന് വേണ്ടി മാത്രം കൊലചെയ്യുമോയെന്നുള്ള സംശയം അവശേഷിക്കുകയാണ്.
തലക്കും കഴുത്തിനുമാണ് വെട്ടേറ്റിരിക്കുന്നത്. കിടപ്പുമുറിയില്‍ കട്ടിലിന് മുകളിലാണ് രണ്ട് മൃതദേഹവും കാണപ്പെട്ടത്. പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയാണ് പ്രതി കൃത്യം നടത്തിയത്. മോഷണശ്രമത്തിനിടയിൽ പിടിക്കപ്പെട്ടതുകൊണ്ട് കൊല ചെയ്തതാണെന്ന് സാഹചര്യത്തെളിവുകൾകൊണ്ട് കരുതാനാവില്ല. കൊലപാതകം തികച്ചും ആസൂത്രിതമായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊലപാതകത്തിന്ശേഷം വാതിലിനു സമീപവും പരിസരത്തും മുളകു പൊടി വിതറിയിട്ടാണ് അക്രമികൾ കടന്നുകളഞ്ഞത്. പൊലീസ് നായ് മണം പിടിക്കാതിരിക്കാനാണ് മുളകുപൊടി വിതറിയതെന്നാണ് പ്രാഥമിക നിഗമനം.
മൂന്നുമാസം മുമ്പായിരുന്നു ഇരുവരുെടയും വിവാഹം. തബ്ലീഗ് ജമാഅത്തിെൻറ പ്രവർത്തകനായിരുന്ന ഉമ്മറിെൻറ വിവാഹം ലളിതമായ രീതിയിലാണ് നടത്തിയത്. ഉമ്മറിെൻറ വീടിനു സമീപം ജ്യേഷ്ഠന്‍ മുനീര്‍ പുതുതായി നിർമിച്ച വീടിെൻറ പ്രവേശനച്ചടങ്ങും ഇവരുടെ വിവാഹവും ഒരുമിച്ചാണ് നടത്തിയത്. ഇവരുടെ ഉമ്മ ആയിഷ ഉമ്മറിെൻറ കൂടെയാണ് താമസിച്ചുവന്നിരുന്നതെങ്കിലും വ്യാഴാഴ്ച അവര്‍ മുനീറിെൻറ വീട്ടിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ഉമ്മറിെൻറ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകദൃശ്യം കണ്ടത്.
ഇരുവെരയും മൂര്‍ച്ചയുള്ള ആയുധംകൊണ്ടാണ് വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. തലക്കും കഴുത്തിനുമാണ് വെേട്ടറ്റത്. കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നതെങ്കിലും മുറിയൊന്നും അലങ്കോലപ്പെട്ടിട്ടില്ല. സ്വണമോ മറ്റോ മോഷണം പോയതായി ഇതുവരെ വ്യക്തമായിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷമേ അത്തരം കാര്യങ്ങള്‍ വ്യക്തമാകൂ. വിരലടയാള വിദഗ്ധരും സയൻറിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസാമി സ്ഥലം സന്ദര്‍ശിച്ചു. മാനന്തവാടി ഡിവൈ.എസ്.പി എം.കെ. ദേവസ്യ, പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ. മണി, വെള്ളമുണ്ട, തലപ്പുഴ, മാനന്തവാടി സ്റ്റേഷനുകളിലെ എസ്.ഐമാര്‍, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, കോഴിക്കോട്ടുനിന്നെത്തിയ സയൻറിഫിക് വിഭാഗം വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗം തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. രാവിലെ 8.30ഓടെയാണ് സംഭവം പുറത്തറിയുന്നത്.

മക്കളെ തിരഞ്ഞെത്തി ആയിശ, കൺമുന്നിൽ കരൾപിളരും കാഴ്ചകൾ
വെള്ളമുണ്ട: എഴുന്നേൽക്കുന്ന സമയം കഴിഞ്ഞിട്ടും മകനെ കാണാതെവന്നപ്പോൾ വിളിക്കാനെത്തിയതായിരുന്നു ഉമ്മ ആയിശ. അക്രമികൾ തകർത്ത അടുക്കള വാതിലിലൂടെ അകത്തെത്തിയപ്പോൾ കണ്ടത് നെഞ്ച് പിളർക്കുന്ന കാഴ്ച. ഇളയ മകൻ ഉമ്മറും ഭാര്യ ഫാത്തിമയും അതിദാരുണമായി കൊലചെയ്യപ്പെട്ടത് ഒറ്റ നോട്ടമേ കണ്ടുള്ളൂ. ഒന്ന് നിലവിളിച്ചു. 60 വയസ്സ് പിന്നിട്ട ഈ മാതാവിന് പിന്നീട് ഒന്നും ഓർമയില്ല. കരൾ പിളർക്കുന്ന ആ കാഴ്ചയുടെ ഞെട്ടലിൽ നിന്ന് ആയിശ ഇതുവരെ മോചിതയായിട്ടില്ല.
ആയിശയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരുടെയും ഉമ്മറിെൻറ ജ്യേഷ്ഠ ഭാര്യമാരുടെയും നിലവിളികേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. പിന്നീട് പൊലീസിൽ അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് ഞെട്ടിക്കുന്ന വാർത്ത നാടറിയുന്നത്. എല്ലാ ദിവസവും പുലർച്ചെ സുബ്ഹി നമസ്കാരത്തിന് പള്ളിയിൽ പോകുന്ന വ്യക്തിയാണ് മരിച്ച ഉമ്മർ. വെള്ളിയാഴ്ച എട്ടുമണി കഴിഞ്ഞിട്ടും വീടിെൻറ മുൻവശത്തെ വാതിൽ തുറക്കാത്തതു കണ്ട് സംശയിച്ചാണ് ആയിശ എത്തിയത്. പുറത്തുനിന്ന് വിളിച്ചിട്ടും ആളനക്കം കാണാതെവന്നപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. പ്രതീക്ഷയോടെ അകത്തുകയറിയ ഉമ്മക്ക് കാണേണ്ടിവന്നത് ഹൃദയഭേദകമായ ദൃശ്യങ്ങൾ. രണ്ടു മാസവും 16 ദിവസവും മുമ്പ് മകെൻറ ഭാര്യയായ ഫാത്തിമക്ക് സ്നേഹം കൊടുത്തുതുടങ്ങും മുമ്പേ അവൾ ഇഹലോകം വെടിഞ്ഞതിെൻറ ഞെട്ടൽ മാറാതെ വിതുമ്പുകയാണ് ആയിഷ.
ഉമ്മറിെൻറ വീടിനോട് ചേർന്നാണ് ജ്യേഷ്ഠൻ അബ്ദുല്ലയുടെ വീട്. ഇയാൾക്ക് കർണാടകയിൽ ഇഞ്ചി കൃഷിയാണ്. മൂത്തജ്യേഷ്ഠെൻറ ഭാര്യയും മക്കളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അബ്ദുല്ലയുടെ അനുജൻ മുനീർ ദുബൈയിലാണ്. തറവാട് വീട്ടിൽ ഉമ്മറിനും ഫാത്തിമക്കും ഒപ്പമായിരുന്നു ആയിശ. മുനീറിെൻറ ഭാര്യ ഷർബിനയും മക്കളും ഒറ്റക്കായതിനെ തുടർന്നാണ് ആയിഷ കുറച്ചു ദിവസമായി അവിടെ കൂട്ടുകിടക്കാൻ പോകാൻ തുടങ്ങിയത്. അടുത്തകാലത്തായി പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യം ഏറെ വർധിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ച മുമ്പ് മുനീറിെൻറ വീട്ടുവാതിലിൽ മുട്ടി ആരോ പേടിപ്പിച്ചിരുന്നുവത്രേ.
പൊലീസിെൻറയും മറ്റുള്ളവരുടെയും ചോദ്യങ്ങൾക്കു മുമ്പിൽ കണ്ണീരിൽ കുതിർന്ന മറുപടിയാണ് ആയിശ നൽകിയത്. ഒപ്പം മുഖത്ത് ഭയം വിട്ടൊഴിയാത്ത നിസ്സഹായാവസ്ഥയിലുള്ള നോട്ടവും.

കേട്ടവരെല്ലാം ചോദിക്കുന്നു, എന്തിനായിരുന്നു?
വെള്ളമുണ്ട: എന്തിനായിരുന്നു ദാരുണമായ ഈ കൊലപാതകങ്ങൾ? മരണവാർത്ത അറിഞ്ഞ് എത്തിയവർക്കെല്ലാം ചോദിക്കാനുണ്ടായിരുന്നത് ഈയൊരു ചോദ്യമാണ്. മോഷണമാണ് ഉദ്ദേശ്യമെങ്കിൽ ഇതിെനക്കാൾ മെച്ചപ്പെട്ട വീടുകൾ ഒരുപാടുണ്ട്. ശത്രുതയായിരുന്നെങ്കിൽ, ചിരിക്കാൻ മാത്രം അറിയാമായിരുന്ന ഈ ചെറുപ്പക്കാരന് അങ്ങനെ ഒരാളും ഇല്ല.
അടക്ക പാട്ടക്കച്ചവടമായിരുന്നു കൊല്ലപ്പെട്ട ഉമ്മറിെൻറ തൊഴിൽ. മാന്യമായി പാട്ടക്കച്ചവടം നടത്തി സാമ്പത്തിക രംഗത്ത് സൂക്ഷ്മത പുലർത്തി മാത്രം ജീവിക്കുന്ന ശീലമായിരുന്നു ഉമ്മറിെൻറത്.
ആളുകൾ ദേഷ്യപ്പെട്ടാലും ചിരിക്കാൻ മാത്രം അറിയാവുന്ന ചെറുപ്പക്കാരൻ. നാട്ടിൽ ഒരാൾക്കുപോലും ഒരു എതിരഭിപ്രായവും പറയാനില്ല. പത്തു പവനോളമാണ് ഭാര്യ ഫാത്തിമക്ക് സ്വർണമായി ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. പാട്ടക്കച്ചവടത്തിൽ അത്യാവശ്യം സാമ്പത്തികഭദ്രത ഉമ്മറിന് ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഭാര്യക്കൊപ്പം സന്തോഷ ജീവിതം നയിച്ചുവരുന്നതിനിടെയാണ് അന്ത്യം. പിണങ്ങോട് കോളജിൽനിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ ഉമ്മർ പിന്നീട് പാട്ടക്കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ജനം ഒഴുകിയെത്തി
മാനന്തവാടി: നവദമ്പതികളുടെ കൊലപാതകവിവരമറിഞ്ഞ് നാടാകെ സംഭവസ്ഥലേത്തക്ക് ഒഴുകിയെത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് തൊണ്ടർനാട് പഞ്ചായത്തിലെ കണ്ടത്തുവയൽ പന്ത്രണ്ടാം മൈൽ വാഴയിൽ ഉമ്മറും ഭാര്യ ഫാത്തിമയും കൊല്ലപ്പെട്ട വിവരം പുറംലോകമറിയുന്നത്. ഇതോടെ നാടിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. വിവരമറിഞ്ഞ് മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ, സി.ഐ പി.കെ. മണി എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. തെളിവ് നശിക്കാതിരിക്കുന്നതിനായി ജനങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി.10.30ഓടെ ഒ.ആർ. കേളു എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നബീസ, വൈസ് പ്രസിഡൻറ് എ. പ്രഭാകരൻ മാസ്റ്റർ, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എ. ബാബു എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
11 മണിയോടെ ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമി സ്ഥലത്തെത്തി മൃതദേഹങ്ങൾ പരിശോധിക്കുകയും ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ആരായുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ്.പി ബിജോ അലക്സാണ്ടറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 12 മണിയോടെ പൊലീസ് നായ് ‘മാളു’ സ്ഥലത്തെത്തിയതോടെ ജനങ്ങളെ ഏറെ പണിപ്പെട്ടാണ് കൊലപാതകം നടന്ന വീട്ടിൽ നിന്ന് മാറ്റിയത്. തുടർന്ന് നായ് മണംപിടിച്ച് കൊലപാതകം നടന്ന മുറിയിലും സമീപെത്ത വീടു വഴി നിർമാണത്തിലിരിക്കുന്ന വീട്ടിലും അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും എത്തി മടങ്ങി. ഈ സമയമത്രയും പൊലീസ് വലയം ഭേദിച്ച് ജനങ്ങൾ നായ്ക്ക് പിറകെ ഓടിയത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഇൻക്വസ്റ്റ്നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വൈകുന്നേരം 3.30 ഓടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ ശേഷമാണ് നാട്ടുകാർ പിരിഞ്ഞുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
