കോഴിക്കോട് ബസ് ഇടിച്ച് ദമ്പതികളുടെ മരണം: ഡ്രൈവറും ഉടമയും അറസ്റ്റിൽ
text_fields1. മരിച്ച ഷൈജു, ഭാര്യ ജീമ 2. വേങ്ങേരി ബൈപാസ് ജങ്ഷനിൽ ബസിടിച്ച് തകർന്ന ബൈക്ക്
കോഴിക്കോട്: കോഴിക്കോട് ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ഡ്രൈവറും ഉടമയും അറസ്റ്റിൽ. ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ദേശീയപാത ബൈപാസിൽ ബസ് സ്കൂട്ടറിൽ ഇടിച്ചാണ് ചേവായൂർ വിദ്യാഭ്യാസ ഉപജില്ല ഓഫിസിലെ പ്യൂൺ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി കെ.പി. ഷൈജു (ഗോപി-43), ഭാര്യ ജീമ (38) എന്നിവർ തൽക്ഷണം മരിച്ചത്. ദേശീയപാത ബൈപാസിൽ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് സംഭവം.
ഇവർ സഞ്ചരിച്ച സ്കൂട്ടർ രണ്ടു ബസുകൾക്കിടയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. തൊട്ടുമുന്നിലുള്ള പയമ്പ്ര-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡിവൈഡറിനു സമീപം വേഗം കുറച്ചപ്പോൾ പിന്നിൽ അമിത വേഗത്തിലെത്തിയ നരിക്കുനി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു.
സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലാണ് ദമ്പതികളുടെ മരണത്തിനിടയാക്കിയത്. അമിതവേഗത്തിൽ വന്ന ബസിന്‍റെ ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികർ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബൈക്കും അപകടത്തിൽപെട്ടു. ഇത് ഓടിച്ച പാലത്ത് പാലത്ത് ഊട്ടുകുളം വയലിൽ വിനു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

