മകന്‍റെ വേർപാട് താങ്ങാനാവുന്നില്ലെന്ന് കുറിപ്പ്; നെയ്യാറിൽ ദമ്പതികളുടെ മൃതദേഹം, കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ
text_fieldsവെള്ളറട (തിരുവനന്തപുരം): നെയ്യാറിൽ മാരായമുട്ടം കൊല്ലവിളാകം പാലിയവിളകം കടവില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുട്ടട അരപ്പുര സ്വദേശികളായ സ്‌നേഹദേവ്, ശ്രീകല എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കൈകള്‍ തമ്മില്‍ ബന്ധിപ്പിച്ച നിലയിലാണ്. ആത്മഹത്യയാണെന്നാണ് നിഗമനം.
രാവിലെ കടവില്‍ കുളിക്കാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. കടവില്‍ സ്ത്രീയുടെ മൃതദേഹം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മാരായമുട്ടം പൊലീസില്‍ അറിയിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടുകൂടി നടത്തിയ തിരച്ചിലില്‍ സ്‌നേഹദേവിന്റെ മൃതദേഹവും കണ്ടെത്തി.
നാട്ടുകാർക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്‌നേഹദേവിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച കാറിന്‍റെ താക്കോല്‍ ആളെ കണ്ടെത്താന്‍ സഹായകമായി. അരുവിപ്പുറം ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇവരുടെ കാർ പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ കാറില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചു.
മൂന്നു പേജുള്ള കുറിപ്പില്‍ നിന്നാണ് ഇവരുടെ പേര് വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മകന്റെ മരണം തങ്ങൾക്ക് ജീവിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ദുഃഖം നല്‍കുന്നുവെന്നും ആയതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു കത്തിൽ പറഞ്ഞത്. സ്വത്തുക്കള്‍ ഒരു ട്രസ്റ്റിന് നൽകുന്നതായും കത്തില്‍ കുറിച്ചിട്ടുള്ളതായി മാരായമുട്ടം പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

