ദമ്പതികളുടെ മരണം: ഉത്തരവാദി സി.പി.എം കൗൺസിലറെന്ന് ആത്മഹത്യാകുറിപ്പ്
text_fieldsകോട്ടയം: ചങ്ങനാശ്ശേരിയിൽ പൊലീസ് ചോദ്യം ചെയ്ത ദമ്പതിമാർ ആത്മഹത്യ ചെയ്ത സംഭവത്തിന് ഉത്തരവാദി സി.പി.എം കൗൺസിലറെന്ന് കുറിപ്പ്. ചങ്ങനാശ്ശേരി പുഴവാത് ഇല്ലമ്പള്ളി സുനിൽകുമാർ, രേഷ്മ എന്നിവരാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സ്വർണം നഷ്ടപ്പെെട്ടന്ന സി.പി.എം കൗൺസിലറുടെ പരാതിയിൽ പൊലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. പൊലീസ് മർദനത്തെയും ഭീഷണിയെയും തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ദമ്പതികൾ താമസിച്ചിരുന്ന വാടകവീട്ടിൽ നിന്നും രേഷ്മ എഴുതിയെന്ന് കരുതുന്ന കത്താണ് പൊലീസ് കണ്ടെടുത്തത്. സജികുമാറാണ് മരണത്തിന് ഉത്തരവാദിയെന്നും സ്വർണം നഷ്ടപ്പെട്ടതിെൻറ മുഴുവൻ ഉത്തരവാദിത്വവും തങ്ങളുടെ തലയലിൽ കെട്ടിവെക്കുകയായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
‘‘ഞങ്ങളുടെ മുന്നിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. ഞങ്ങളുടെ മരണത്തിന് ഉത്തരവാദി അഡ്വ. സജികുമാറാണ്. സുനിയേട്ടൻ സജിയുടെ വീട്ടിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട് 12 വർഷത്തോളമായി. 600 ഗ്രാം സ്വർണം കാണാനില്ലെന്നു പറഞ്ഞാണ് സജികുമാർ പരാതി കൊടുത്തത്. 100 ഗ്രാമോളം പലപ്പോഴായി സുനി ചേട്ടൻ എടുത്തിട്ടുണ്ട്. ബാക്കിയുള്ളത് സജികുമാർ വീടുപണിക്കായി പലപ്പോഴായി വിറ്റു. എന്നിട്ട് മുഴുവൻ ഉത്തരവാദിത്തവും ഞങ്ങളുടെ തലയിൽ കെട്ടിവെച്ച് പൊലീസിൽ പരാതി നൽകി. എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നൽകാമെന്ന് മർദിച്ച് സമ്മതിപ്പിച്ച് എഴുതിവയ്പിച്ചു. ഞങ്ങൾക്ക് കൊടുക്കാൻ ഒരു മാർഗവുമില്ല. എെൻറ താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതുകൊണ്ട് ഞങ്ങൾ മരിക്കുന്നു. ഞങ്ങൾ മരിക്കാൻ തീരുമാനിച്ചു.’’ – രേഷ്മയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
എന്നാൽ ആരോപണങ്ങളെല്ലാം സജികുമാർ നിഷേധിച്ചു. സ്വർണം കാണാതെ പോയപ്പോൾ സ്വാഭാവിക നടപടിയെന്നവണ്ണം പൊലീസിൽ പരാതിപ്പെടുക മാത്രമാണ് ചെയ്തതെന്നും ഭീഷണിപ്പെടുത്തുകയോ പൊലീസിനെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ലെന്നും സജികുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
