വടക്കാഞ്ചേരി: ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ചിന് പുതിയ ഐ.സി.യു ആംബുലൻസിന് ഫണ്ട് ശേഖരിക്കാൻ പഴയ ഇരുമ്പ് ശേഖരിക്കാൻ ഇറങ്ങിയ ആക്ട്സ് വളന്‍റിയർമാരെ ഞെട്ടിച്ച് ദമ്പതികൾ. ഒരു വയസ്സുള്ള മകൾ ആമിയുടെ പുത്തൻ സ്വർണക്കമ്മൽ ഊരിക്കൊടുത്താണ് കുമ്പളങ്ങാട് നെല്ലിക്കുന്ന് മൂതിയിൽ മഹേഷ് മോഹനനും ഭാര്യ അപർണയും നാടിന്‍റെ ആവശ്യത്തിൽ പങ്കാളികളായത്.
ആക്ട്സ് വടക്കഞ്ചേരി ബ്രാഞ്ച് ട്രഷറർ വി. അനിരുദ്ധൻ ആഭരണം ഏറ്റുവാങ്ങി. 20 ലക്ഷം രൂപ ചെലവ് വരുന്ന സെമി ഐ.സി.യു ആംബുലൻസിന് ഫണ്ട് കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് സ്ക്രാപ്പും പഴയ പത്രവും ശേഖരിക്കാൻ തുടങ്ങിയത്.
വടക്കഞ്ചേരി കേരളവർമ വായനശാല ഭരണസമിതി അംഗവും സി.പി.എം - ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും കൂടിയാണ് മഹേഷ്. തുടർന്നുള്ള ദിവസങ്ങളിലും ആംബുലൻസിനായുള്ള ഫണ്ട് ശേഖരണം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.