കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്തിനിടെ ദമ്പതികൾ പിടിയിൽ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്തിനിടെ ദമ്പതികൾ പിടിയിൽ. കൊടുവള്ളി എളേറ്റിൽ സ്വദേശി പുളിക്കിപൊയിൽ ഷറഫുദ്ദീൻ (44), ഭാര്യ നടുവീട്ടിൽ ഷമീന (37) എന്നിവരിൽനിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് 1.15 കോടി രൂപയുടെ സ്വർണം പിടികൂടിയത്.
സ്വർണം കടത്തിയാൽ 1.6 ലക്ഷം രൂപ നൽകാമെന്നായിരുന്നു ഇവർക്ക് ലഭിച്ച വാഗ്ദാനം. ഷമീനയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ഇരുവരും കഴിഞ്ഞദിവസം രാത്രി ദുബൈയിൽനിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
ഇരുവരിൽനിന്നുമായി 2148 ഗ്രാം സ്വർണമിശ്രിതമാണ് കണ്ടെടുത്തത്. ഷറഫുദ്ദീൻ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് 950 ഗ്രാമും ഷമീന അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് 1198 ഗ്രാമുമാണ് കടത്താൻ ശ്രമിച്ചത്. ഇരുവർക്കും 80,000 രൂപ വീതമാണ് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തത്. ഇവർ കുട്ടികളോടൊത്ത് ദുബൈയിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് സംഭവം.

