അങ്കമാലിയിൽ വൻ സ്പിരിറ്റ് വേട്ട; യുവ ദമ്പതികൾ പിടിയിൽ
text_fieldsപ്രതി ഡെനീഷ് ജോയി, അശ്വതി
അങ്കമാലി: നഗരത്തിന് സമീപത്തെ വാടക വീട്ടിൽ ഓണം ലക്ഷ്യമാക്കി ഉത്പ്പാദിപ്പിച്ച 2,345 ലിറ്റർ സ്പിരിറ്റും 954 ലിറ്റർ മദ്യവും പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശികളായ ദമ്പതികൾ പിടിയിലായി. തൃശൂർ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കൽ വീട്ടിൽ ഡെനീഷ് ജോയി (32), ഭാര്യ അശ്വതി (30) എന്നിവരാണ് പിടിയിലായത്.
ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം അങ്കമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ സോണി മത്തായിയുടെ നേതൃത്വത്തിലെ പൊലീസ് ആണ് ഇവരെ പിടികൂടിയത്. ഓണം പ്രമാണിച്ച് കേരളത്തിലെ വിവിധ ബാറുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനുദ്ദേശിച്ചാണ് വാജ്യ മദ്യം ഉൽപാദിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കല്യാണ വീടുകളിലും മറ്റ് ആഘോഷങ്ങൾക്കും മദ്യം വിൽക്കുക ലക്ഷ്യമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പ്രതികൾ തമിഴ്നാട്ടിൽ നിന്നാണ് അങ്കമാലിയിലെത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. സംസ്ഥാനത്തിന് പുറത്ത് ഉത്പാദിപ്പിച്ച മദ്യവും മറ്റ് ഉത്പ്പന്നങ്ങളും കന്നാസുകളിലും കുപ്പികളിലുമായാണ് അങ്കമാലിയിൽ എത്തിച്ചത്. ഓരോ ആഴ്ചയും ഇവിടേക്ക് ലോഡ് എത്തിയിരുന്നതായും വിവരം ലഭിച്ചു.
മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന ലേബലും വാടക വീട്ടിൽ നിന്ന് കണ്ടെടുത്തു. എസ്.ഐമാരായ എൽദോ പോൾ, എസ്.ഷെഫിൻ, എ.എസ്.ഐ എ.വി സുരേഷ്, എസ്.സി പി ഒ എം ആർ മിഥുൻ, അജിത തിലകൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

