നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയിൽ; ദമ്പതികൾ അറസ്റ്റിൽ
text_fieldsകാഞ്ഞാർ: നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോട്ടയം അയർക്കുന്നം സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. സംഭവെത്തപ്പറ്റി പൊലീസ് പറയുന്നത്: രണ്ട് വയസ്സായ ഒരു കുട്ടിയുള്ള ദമ്പതികൾ ഒരു വർഷമായി പിണങ്ങി താമസിക്കുകയായിരുന്നു.
കാമുകനൊപ്പമായിരുന്ന യുവതി ഇതിനിടെ, ഗർഭിണിയായി. പെരുവന്താനം സ്വദേശിയായ യുവാവാണ് നവജാത ശിശുവിെൻറ പിതാവെന്നും ഇയാൾ ആത്മഹത്യ ചെയ്തെന്നും ഭർത്താവിനെ യുവതി പറഞ്ഞ് വിശ്വസിപ്പിച്ചു. രണ്ട് വയസ്സായ തെൻറ കുട്ടിയുള്ളതുകൊണ്ട് യുവതിയെ ഉപേക്ഷിക്കാൻ മടിച്ച ഭർത്താവ് രണ്ടാമത്തെ കുട്ടിയുണ്ടാകുമ്പോൾ അനാഥാലയത്തിൽ ഏൽപിക്കാമെന്ന വ്യവസ്ഥയിൽ വീണ്ടും ഒന്നിച്ച് താമസിക്കാൻ തീരുമാനിച്ചു.
ഞായറാഴ്ച വെളുപ്പിന് പ്രസവവേദനയെത്തുടർന്ന് അയൽക്കാരനിൽനിന്ന് വാടകക്കെടുത്ത വണ്ടിയിൽ കയറ്റി വരുേമ്പാൾ യുവതി പ്രസവിച്ചു. കുഞ്ഞിനെ ഉപേക്ഷിക്കാൻ തൊടുപുഴക്കടുത്ത പന്നിമറ്റം തെരഞ്ഞെടുത്ത ദമ്പതികൾ ഒരു വീടിന് മുന്നിൽ വണ്ടി നിർത്തി കുഞ്ഞിനെ കിടത്തിയശേഷം തിരികെ പോയി. തുടർന്ന് അയർക്കുന്നത്തുനിന്ന് കസ്റ്റഡിയിലായ ദമ്പതികളിൽ യുവതിയെ തൊടുപുഴ ജില്ല ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഭർത്താവിെന ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
കാമുകൻ ആത്മഹത്യ ചെയ്തെന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. എസ്.ഐമാരായ പി.ടി. ബിജോയി, ഇസ്മായിൽ, എ.എസ്.ഐ ഉബൈസ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷാജഹാൻ, അശ്വതി, കെ.കെ. ബിജു, ജോയി, അനസ്, ബിജു ജോർജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.