കള്ളിൽ കഫ്സിറപ്പ് സാന്നിധ്യം: ഏഴു ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsപാലക്കാട്: കള്ളിൽ കഫ്സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഏഴു ഷാപ്പുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് സസ്പെൻഡ് ചെയ്തു. ചിറ്റൂർ റേഞ്ച് ഗ്രൂപ് നമ്പർ 9ലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളുൾപ്പെടെ ഏഴെണ്ണത്തിന്റെ ലൈസൻസാണ് റദ്ദാക്കിയത്. ഷാപ്പുകളുടെ ലൈസൻസിയായ ശിവരാജന്റേതാണ് ഇവ. അടിയന്തര നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമീഷണർ അസിസ്റ്റൻറ് കമീഷണറോട് നിർദേശിച്ചിരുന്നു. ജില്ലയിലെ എല്ലാ ഷാപ്പുകളിലും പരിശോധന ശക്തമാക്കിയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരും.
കള്ളിൽ മായംകലർന്നിട്ടുണ്ടോ എന്നറിയാൻ ആഴ്ചയിലൊരിക്കൽ സാമ്പ്ൾ എക്സൈസ് സംഘം പരിശോധനക്കയക്കാറുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽനിന്നുള്ള സാമ്പ്ൾ അയച്ചത്. കഫ്സിറപ്പിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ ശരീരത്തിലെത്തിയാൽ ചെറിയ മയക്കവും ക്ഷീണവുമുണ്ടാകും. രണ്ടു ഷാപ്പുകളും ഒരേ ലൈസൻസിയുടേതാണ്. ലൈസൻസിക്കും രണ്ടു വിതരണക്കാർക്കുമെതിരെ കേസെടുത്തു. കഫ്സിറപ്പ് കണ്ടെത്തിയത് സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ശിവരാജന്റെ ഉടമസ്ഥതയിലുള്ള ഷാപ്പിൽനിന്നാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, കള്ളിൽ കഫ്സിറപ്പ് കണ്ടെത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ ഐ.എൻ.ടി.യു.സി ആണെന്നും ഷാപ്പ് ലൈസൻസി ശിവരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

