ചുമ മരുന്ന് ഉപയോഗം: മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര്, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍, ഐ.എ.പി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്. ഡോക്ടറുടെ പഴയ കുറിപ്പടിവെച്ചും മരുന്ന് നല്‍കരുത്. ഇതുസംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്കി. ഇതിന് ബോധവത്കരണം ശക്തമാക്കും. കുട്ടികള്‍ക്ക് അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നത്. അതിനാല്‍ ഒരു കുഞ്ഞിന് കുറിച്ച മരുന്ന് മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്കാന് പാടില്ല.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിൽ, കേരളത്തില്‍ കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികളിൽ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നുവരുന്നു. കോള്‍ഡ്രിഫ് എസ്.ആര് 13 ബാച്ചില്‍ കേരളത്തിന് പുറത്ത് പ്രശ്നം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ വില്പന നിര്ത്തിവെപ്പിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

