You are here

സി.ഒ.ടി. നസീറിനെ ആക്രമിച്ച സംഭവം: മൂന്നുപേർക്കെതിരെ വധശ്രമത്തിന് കേസ് 

22:29 PM
19/05/2019
cot-naseer

തലശ്ശേരി: േലാക്സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച തലശ്ശേരി മുൻ നഗരസഭാംഗം ഗുഡ്സ്ഷെഡ് റോഡ് ഹാജിറ മൻസിലിൽ സി.ഒ.ടി. നസീറിനെ (38) ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുേപർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികളെ കണ്ടെത്താനായി തലശ്ശേരി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. സംശയമുള്ള ചിലരെ പൊലീസ് കസ്​റ്റഡിയിലെടുത്ത് ചോദ്യംചെയ്തതായും വിവരമുണ്ട്. ശനിയാഴ്ച രാത്രി ഏഴരയോടെ കായ്യത്ത് റോഡ് കനക് റെസിഡൻസി കെട്ടിടപരിസരത്താണ് നസീർ ആക്രമിക്കപ്പെട്ടത്. പരിേക്കറ്റ നസീർ കോഴിേക്കാട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൈക്കും കാൽമുട്ടിനും ഞായറാഴ്ച അടിയന്തര ശസ്ത്രക്രിയ നടത്തിയ നസീറിനെ വ​​െൻറിലേറ്ററിലേക്ക്​ മാറ്റി. 

ശനിയാഴ്ച രാത്രി തലശ്ശേരിയിൽനിന്നെത്തിയ പൊലീസ് ആശുപത്രിയിൽ നസീറിൽനിന്ന് മൊഴിയെടുത്തു. ആക്രമിസംഘത്തെ കണ്ടാൽ തിരിച്ചറിയുമെന്ന് നസീർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. കായ്യത്ത് റോഡിൽ സംഭവസ്ഥലത്തെ സി.സി.ടി.വി പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തലശ്ശേരി സർക്കിൾ ഇൻസ്പെക്ടർ വിശ്വംഭര‍​​െൻറ േനതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. തലശ്ശേരി മുൻ നഗരസഭാംഗവും സി.പി.എം തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന നസീർ കുറച്ചുകാലമായി പാർട്ടിയുമായി അകന്നുനിൽക്കുകയായിരുന്നു. 

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞ് പരിക്കേൽപിച്ച കേസിൽ പ്രതിചേർക്കപ്പെട്ട നസീർ പിന്നീട് ഉമ്മൻ ചാണ്ടി തലശ്ശേരി റെസ്​റ്റ്​ ഹൗസിൽ വന്നപ്പോൾ നേരിൽ കണ്ട് നിരപരാധിത്വം ബോധിപ്പിച്ചിരുന്നു. പാർട്ടി അംഗത്വ ഫോറത്തിൽ മതം എഴുതാൻ തയാറല്ലെന്നതി​​െൻറ പേരിൽ പാർട്ടി അംഗത്വം പുതുക്കാതിരുന്ന നസീർ പിന്നീട് സജീവ രാഷ്​ട്രീയത്തിൽനിന്ന്​ മാറിനിൽക്കുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ നസീർ രണ്ടു തവണ ആക്രമിക്കപ്പെട്ടിരുന്നു. കറുത്ത ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ശനിയാഴ്ച കായ്യത്ത് േറാഡിൽ നസീറിനെ ആക്രമിച്ചതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെയും ബൈക്കും ഉടനെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.    


സി.ഒ.ടി. നസീറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി
കോഴിക്കോട്: ബൈക്കിലെത്തിയ മൂന്നംഗ സംഘത്തി‍​​െൻറ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയും സി.പി.എം വിമതനുമായ തലശ്ശേരി ‘ഹാജിറ മൻസി’ലിൽ സി.ഒ.ടി. നസീറിനെ (39) ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. ആഴത്തിൽ വെട്ടേറ്റ കാലിനും ഇരുകൈകൾക്കുമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോ. സമീർ അലിയുടെ നേതൃത്വത്തിലുള്ള സംഘം പ്ലാസ്​റ്റിക് സർജറി നടത്തിയത്. ഇതിനുപുറമെ വയറിൽ മുറിവേറ്റ ഭാഗത്തും കാലിനും ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. നിലവിൽ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. 

സി.ഒ.ടി. നസീറിനെതി​രായ വധശ്രമം: ആയുധം നൽകിയവരെ പിടികൂടണം -മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീറിനെ (39) വധിക്കാൻ ശ്രമിച്ച സംഭവത്തിൽ വാടകക്കൊലയാളികൾക്ക്​ ആയുധം നൽകിയ രാഷ്​ട്രീയ നേതൃത്വത്തെ പിടികൂടണമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. നസീറിന് നേരെയുണ്ടായ ആക്രമണം പി. ജയരാജ​​​െൻറ അറിവോടെയാണെന്നു കെ. മുരളീധരൻ പറഞ്ഞത് പ്രാദേശിക വിവരങ്ങളുടെയും സൂചനകളുടെയും അടിസ്ഥാനത്തിലാവാമെന്നും അദ്ദേഹം പറഞ്ഞു. 

നസീർ ചികിത്സയിൽ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. നസീറിനുനേരെ നടന്നത് യാദൃച്ഛിക ആക്രമണമല്ലെന്നു​ പറഞ്ഞ അദ്ദേഹം, നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ടു. 


സ്​ഥാനാർഥിക്ക്​ നേരെ വധശ്രമം:തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടണമെന്ന്
വടകര: സ്വതന്ത്ര സ്​ഥാനാർഥി സി.ഒ.ടി. നസീറിന് നേരെയുണ്ടായ വധശ്രമത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടണമെന്ന് ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ടി. സിദ്ദീഖ് വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് അക്രമം ഉണ്ടായത്. ടി.പി. വധവും സി.ഒ.ടി. നസീര്‍ വധശ്രമവും സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തിയാല്‍ ചില വ്യക്തികള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് വ്യക്തമാകും. വോട്ടെണ്ണലിനുശേഷം വടകര മണ്ഡലത്തില്‍ രാഷ്​ട്രീയ ഭീകരതയുണ്ടാക്കാനാണ് സി.പി.എം ശ്രമം. ഇതി‍​​െൻറ ഭാഗമായി ആസൂ​ത്രണം ചെയ്​ത അക്രമത്തില്‍ പൊലീസ് ഗൗരവപൂർവം ഇടപെട്ടില്ലെന്നും സിദ്ദീഖ് ആരോപിച്ചു. വാർത്തസമ്മേളനത്തില്‍ ബ്ലോക്ക്​ പ്രസിഡൻറ്​ പുറന്തോടത്ത് സുകുമാരന്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, കാവില്‍ രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു. 


കോടിയേരിയുടെ പ്രസ്താവന വെല്ലുവിളി –ആർ.എം.പി.െഎ
വടകര: സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ സി.പി.എം നേതാവ് സി.ഒ.ടി. നസീറിനെതിരായ വധശ്രമം സി.പി.എമ്മി‍​​െൻറ കാടത്തമാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. സംഭവത്തെക്കുറിച്ച്​ കോടിയേരിയുടെ പ്രസ്താവന ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണ്.  

അക്രമത്തെ അപലപിക്കാതെ, ഇരയായ നസീറിനെ കൊതുകിനോട് ഉപമിച്ച് പരിഹസിക്കുകയാണ് ചെയ്തത്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്ന രാഷ്​ട്രീയ ഭീകരതയാണ് സി.പി.എം കേരളത്തില്‍ തുടരുന്നത്. നസീറിനെതിരായ വധശ്രമത്തില്‍ പാര്‍ട്ടി നേതാക്കളുടെ പങ്ക് വ്യക്തമാകുന്നതാണ് കോടിയേരിയുടെ പ്രസ്താവന. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരാന്‍ പൊലീസ് തയാറാകണം -വേണു പ്രസ്താവനയില്‍ പറഞ്ഞു.
 

Loading...
COMMENTS