കൈക്കൂലിക്ക് ഏജന്റുമാരായി ആധാരമെഴുത്തുകാർ, യു.പി.ഐ വഴി മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറിയത് ലക്ഷങ്ങൾ; ഓപ്പറേഷൻ 'സെക്വർ ലാൻഡിൽ' കുടുങ്ങിയത് നിരവധി പേർ
text_fieldsതിരുവന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിലെ അഴിമതി കണ്ടെത്തുന്നതിന് വിജിലൻസ് നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ വ്യാപകമായ കൈക്കൂലിയും ക്രമക്കേടുകളും കണ്ടെത്തി.
സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിനും മറ്റു വിവിധ സേവനങ്ങൾക്കും ആധാരമെഴുത്തുകാർ മുഖേനയും നേരിട്ടും ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാനത്തെ 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ വ്യാഴാഴ്ച വൈകുന്നേരമാണ് “ഓപ്പറേഷൻ സെക്വർ ലാൻഡ്” മിന്നൽ പരിശോധന നടത്തിയത്.
ഓഫീസുകളിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി എത്തിയ 15 ഏജന്റുമാരിൽ നിന്നായി 1,46,375 രൂപയും, ഏഴു സബ് രജിസ്ട്രാർ ഓഫീസുകളിലെ റെക്കോർഡ് റൂമുകളിൽ ഒളിപ്പിച്ച് വെച്ച നിലയിൽ കാണപ്പെട്ട കൈക്കൂലി പണമായ 37,850 രൂപയും, നാല് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നായി കണക്കിൽപ്പെടാത്ത 15,190 രൂപയും വിജിലൻസ് പിടിച്ചെടുത്തു.
വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലെ 19 ഉദ്യോഗസ്ഥർ വിവിധ ആധാരമെഴുത്തുകാരുടെ പക്കൽ നിന്നായി 9,65,905 രൂപ യു.പി.ഐ മുഖാന്തിരം കൈക്കൂലി പണം കൈപ്പറ്റിയതായും വിജിലൻസ് പ്രാഥമികമായി കണ്ടെത്തി.
സംസ്ഥാനതല മിന്നൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 8,500 രൂപയും പത്തനംതിട്ട ജില്ലയിലെ കോന്നി സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് പണം കൈമാറാൻ എത്തിയ ഏജന്റിൽ നിന്നും 11,500 രൂപയും, ഓഫീസിലെ റക്കോർഡ് റൂമിനുള്ളിലെ രജിസ്റ്ററുകളുടെ ഇടയിൽ സൂക്ഷിച്ച കണക്കിൽപ്പെടാത്ത 24,300 രൂപയും പിടിച്ചെടുത്തു. പത്തനംതിട്ട സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും റെക്കോർഡ് റൂമിനുള്ളിലെ രജിസ്റ്ററുകളുടെ ഇടയിൽ സൂക്ഷിച്ച കണക്കിൽപ്പെടാത്ത 6,500 രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ ആധാരമെഴുത്തുകാരന്റെ പക്കൽ നിന്നും 2000 രൂപ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റിയത് വിജിലൻസ് കണ്ടെത്തി.
ഇടുക്കി ജില്ലയിൽ ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ആധാരമെഴുത്തുകാരന്റെ പക്കൽ നിന്നും 91,500 രൂപ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റിയതും പീരുമേട് സബ് രജിസ്ട്രാർ ഓഫീസിലെ റെക്കോർഡ് റൂമിൽ നിന്നും കണക്കിൽപ്പെടാത്ത 700 രൂപയും, വിജിലൻസ് കണ്ടെത്തി. ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ആധാരമെഴുത്തുകാരന്റെ പക്കൽ നിന്നും 15,000 രൂപ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തിരം കൈക്കൂലി കൈപ്പറ്റിയതും കണ്ടെത്തി.
എറണാകുളം ജില്ലയിലെ ആലുവ സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി പണം കൈമാറാൻ എത്തിയ ഏജന്റിൽ നിന്നും, 9,500 രൂപയും, ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 600 രൂപയും വിജിലൻസ് പിടിച്ചെടുത്തു. കൊച്ചി സബ് രജിസ്ട്രാർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ മുഖാന്തിരം ആധാരമെഴുത്തുകാർ 18,800 രൂപയും തൃപ്പൂണിത്തുറ സബ് രജിസ്ട്രാർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ മുഖാന്തിരം ആധാരമെഴുത്തുകാർ 30,610 രൂപയും കൈക്കൂലിയായി അയച്ച് നൽകിയിരിക്കുന്നതായി മിന്നൽ പരിശോധനയിൽ കണ്ടെത്തി.
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് നൽകാൻ കൈക്കൂലി പണവുമായി എത്തിയ ഏജന്റിനെ 4,600 രൂപയുമായി വിജിലൻസ് പിടികൂടി. കൊടുങ്ങല്ലൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഏജന്റിനെ 6,400 രൂപയുമായും ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 1590 രൂപയും ഓഫീസിലെ റിക്കോർഡ് റൂമിനുള്ളിൽ നിന്നും കണക്കിൽപ്പെടാത്ത പണവും വിജിലൻസ് പിടിച്ചെടുത്തു.
മലപ്പുറം ജില്ലയിൽ നടത്തിയ പരിശോധനയിൽ മലപ്പുറം സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി കൈക്കൂലി പണവുമായി എത്തിയ ഒരു ഏജന്റിനെ 21,600 രൂപയുമായി പിടികൂടുകയും ഒരു ഉദ്യോഗസ്ഥന്റെ ഗൂഗിൾ പേ അക്കൗണ്ടിൽ രണ്ട് ആധാരമെഴുത്തുകാർ 1,06,000 രൂപ കൈക്കൂലിയായി അയച്ച് നൽകിയതായും കണ്ടെത്തി. മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഏജന്റിനെ 1,100 രൂപയുമായി വിജിലൻസ് പിടികൂടി. നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിലെ റെക്കോർഡ് റൂമിൽ രജിസ്റ്ററുകൾക്കിടയിൽ ഒളിപ്പിച്ച് വച്ച നിലയിൽ കണക്കിൽപ്പെടാത്ത 4,700 രൂപയും, മൂന്ന് ഉദ്യോഗസ്ഥർക്ക് ആധാരമെഴുത്തുകാർ 1,03,030 രൂപ ഗൂഗിൾപേ മുഖേന കൈക്കൂലിയായി പണം അയച്ച് നൽകിയിരുന്നതും കണ്ടെത്തി. പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി 26,000 രൂപയുമായി എത്തിയ ഏജന്റിനെ വിജിലൻസ് പിടികൂടി. പൊന്നാന്നി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും കൈക്കൂലി നൽകാനായി 7,860 രൂപയുമായി എത്തിയ മൂന്ന് ഏജന്റുമാരെ പിടികൂടുകയും റെക്കോർഡ് റൂമിൽ ഒളിപ്പിച്ച് വച്ച നിലയിൽ 1260 രൂപ വിജിലൻസ് കണ്ടെത്തുകയും ചെയ്തു. കുറ്റിപ്പുറം സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി 5,950 രൂപയുമായി എത്തിയ ഏജന്റിനെ പിടികൂടുകയും, ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും, കണക്കിൽപ്പെടാത്ത 4,500 രൂപയും, മറ്റൊരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി 1000 രൂപ ആധാരമെഴുത്തുകാരനിൽ നിന്നു കൈക്കൂലി കൈപ്പറ്റിയതും വിജിലൻസ് കണ്ടെത്തി.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നൽകാനുള്ള കൈക്കൂലി പണവുമായി എത്തിയ ഏജന്റിനെ 20,000 രൂപയുമായി പിടികൂടുകയും ഒരു ഉദ്യോഗസ്ഥൻ 59,225 രൂപ ആധാരമെഴുത്തുകാരനിൽ നിന്നും കൈക്കൂലിയായി ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റിയതായും കണ്ടെത്തി. കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ആധാരമെഴുത്തുകാരനിൽ നിന്നും 4,750 രൂപ ഗൂഗിൾ പേ മുഖാന്തിരം കൈക്കൂലിയായി കൈപ്പറ്റിയതു കണ്ടെത്തുകയും കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി 15,130 രൂപയുമായി എത്തിയ ഏജന്റിനെ വിജിലൻസ് പിടികൂടുകയും ചെയ്തു.
കുറ്റ്യാടി സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഏജന്റിനെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി കൊണ്ടുവന്ന 5,600 രൂപയുമായി വിജിലൻസ് പിടികൂടുകയും മറ്റൊരു ഉദ്യോസ്ഥൻ ആധാരമെഴുത്തുകാരനിൽ നിന്നു 5,600 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി കൈപ്പറ്റിയത് കണ്ടെത്തുകയും ചെയ്തു.
വയനാട് ജില്ലയിലെ കല്പറ്റ സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഉദ്യോഗസ്ഥൻ ആധാരമെഴുത്തുകാരനിൽ നിന്നും, 1250 രൂപ ഗൂഗിൾപേ മുഖാന്തിരം കൈപ്പറ്റിയതായി കണ്ടെത്തി. മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഏജന്റിനെ 11,135 രൂപയുമായി പിടികൂടുകയും ഒരു ഉദ്യോഗസ്ഥൻ 1410 രൂപ ഒരു ഏജന്റിന്റെ പക്കൽ നിന്നു ഗൂഗിൾപേ മുഖാന്തിരം കൈപ്പറ്റിയതായും കണ്ടെത്തി.
സുൽത്താൻ ബത്തേരി സബ് രജിസ്ട്രാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ പല പ്രാവശ്യമായി ആധാരമെഴുത്തുകാരിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലിയായി 3,37,300 രൂപ വാങ്ങിയതും വിജിലൻസ് കണ്ടെത്തി.
കാസർഗോഡ് ജില്ലയിലെ ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ പല പ്രാവശ്യമായി ആധാരമെഴുത്തുകാരിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലിയായി 1,89,680 രുപ വാങ്ങിയതും വിജിലൻസ് കണ്ടെത്തി.
ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി കൊണ്ട് സബ് രജിസ്ട്രാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്ന പ്രവണത വിജിലൻസ് വളരെ ഗൗരവത്തിൽ കാണുന്നുവെന്നും മിന്നൽ പരിശോധനയുടെ ഭാഗമായുള്ള തുടർ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

