അഴിമതി: ഏഴുവർഷത്തിനിടെ പിടിയിലായത് 2019 പേർ
text_fieldsതിരുവനന്തപുരം: കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വാദിക്കുമ്പോഴും കഴിഞ്ഞ ഏഴുവർഷത്തിനിടെ പിടിയിലായത് 2019 പേർ. അതിൽ ഏറ്റവും കൂടുതൽ പേർ കുടുങ്ങിയത് റവന്യൂ വകുപ്പിലാണ്. മുൻ സർക്കാറിന്റെ കാലംമുതലുള്ള കണക്ക് പ്രകാരം റവന്യൂ വകുപ്പിൽ 281 ജീവനക്കാർക്കെതിരെ അഴിമതി കേസിൽ വകുപ്പുതല നടപടി സ്വീകരിച്ചെന്നാണ് മന്ത്രി കെ. രാജൻ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ മറുപടി നൽകിയത്. 124 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. 155 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 72 പേർക്കെതിരെ ശിക്ഷാനടപടിയും സ്വീകരിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് അറുപതോളം കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. 33 പേർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മണ്ണാർക്കാട്ടെ ഫീൽഡ് അസിസ്റ്റന്റ് സുരേഷിന്റെ അറസ്റ്റ് ഉൾപ്പെടെ കണക്കാണിത്. 350ലേറെ മിന്നൽ പരിശോധനകൾ ഈവർഷം വിജിലൻസ് റവന്യൂവകുപ്പിൽ നടത്തിയപ്പോഴാണ് ഇത്രയും പേർ കുടുങ്ങിയത്.
500 രൂപ മുതൽ ഒന്നേകാൽ ലക്ഷം രൂപവരെ കൈക്കൂലി ചോദിച്ച കേസുകളിൽ ഇതിൽ ഉൾപ്പെടും. വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ചുള്ള കൈക്കൂലിയാണ് കൂടുതലും. താലൂക്ക് ഓഫിസുകളിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട കേസുകളുമുണ്ട്. തഹസിൽദാർ മുതൽ സ്വീപ്പർ വരെയുള്ള ജീവനക്കാരെ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് കടമ്പഴിപ്പുറം വില്ലേജ് ഓഫിസിൽ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനെയും കഴിഞ്ഞവർഷം അറസ്റ്റ് ചെയ്തിരുന്നു.
റവന്യൂ വകുപ്പിന് സ്വന്തമായി വിജിലൻസ് വിഭാഗമുണ്ടെങ്കിലും പരിശോധനയും നടപടികളും ശക്തമല്ല. സർട്ടിഫിക്കറ്റുകളും ഭൂരേഖകളും ലഭിക്കുന്നതിനാണ് കൂടുതലും കൈക്കൂലി ആവശ്യപ്പെടുന്നത്. റവന്യൂ വകുപ്പിൽനിന്നുള്ള 24 സർട്ടിഫിക്കറ്റുകൾക്കായി ഇ- ഡിസ്ട്രിക്റ്റ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. നികുതി അടക്കാനും പോക്കുവരവ്, ഭൂമി തരംമാറ്റം തുടങ്ങിയ സേവനങ്ങൾക്കും റവന്യൂ ഇ- സർവിസസ് പോർട്ടലും സജ്ജമാണ്. എന്നാൽ, ഇതൊന്നും അറിയാതെ അപേക്ഷകൻ വില്ലേജ് ഓഫിസിലെത്തുകയാണ്. ഇക്കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ റവന്യൂ ഇ- സാക്ഷരത പദ്ധതിക്ക് നവംബറിൽ തുടക്കം കുറിക്കുമെന്നാണ് വകുപ്പിന്റെ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.