സ്വർണപ്പാളി: സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്ന നിലപാടിലും തിരുത്തൽ
text_fieldsശബരിമല ശ്രീകോവിലിലെ സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ
പത്തനംതിട്ട: ദ്വാരപാലക ശിൽപപ്പാളികൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയതിലും ദുരൂഹത. നിലവിലെ സ്വർണ കോട്ടിങ് ഇളക്കി വീണ്ടും ചെയ്യാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്ന തിരുവാഭരണം കമീഷണറുടെ കണ്ടെത്തൽ എട്ടുദിവസത്തിനകം തിരുത്തിയതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്.
2019ൽ ഉണ്ണികൃഷ്ണൺ പോറ്റിയുടെ സ്പോൺസർഷിപ്പിൽ സ്വര്‍ണംപൂശിയ ദ്വാരപാലക ശിൽപപാളികൾ, പാളികൾക്ക് മങ്ങലുണ്ടെന്ന് വിലയിരുത്തിയാണ് സെപ്റ്റംബർ ഏട്ടിന് വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സ്വർണം കൈമാറിയത്. ഇത് ഹൈകോടതി അനുമതിയില്ലാതെയാണെന്ന് സ്പെഷൽ കമീഷണർ റിപ്പോർട്ട് നൽകിയതോടെയാണ് സ്വർണപ്പാളി അട്ടിമറി പുറത്തുവന്നത്.ഇത്തവണ വീണ്ടും കൊണ്ടുപോകുമ്പോൾ, ആദ്യം ചെന്നൈയിലെ സ്‌മാര്‍ട്ട് ക്രിയേഷന്‍സിന് സാങ്കേതിക വൈദഗ്‌ധ്യമില്ലെന്നും സന്നിധാനത്തുതന്നെ പരമ്പരാഗതരീതിയിൽ ജോലിനിര്‍വഹിക്കണമെന്നുമായിരുന്നു തിരുവാഭരണം കമീഷണറുടെ ഉത്തരവ്.
നിലവിലുള്ള ദ്വാരപാലക ശില്‍പപ്പാളികൾ സ്വര്‍ണം പൂശിയതാണെന്നും ഇത് നീക്കംചെയ്യാന്‍ സ്‌മാര്‍ട്ട് ക്രിയേഷന്‍സിന് കഴിയില്ലെന്നും തിരുവാഭരണം കമീഷണർ ജൂലൈ 30ന് ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസറെയും അറിയിച്ചു. പരമ്പരാഗത രീതികളിലൂടെയുള്ള അറ്റകുറ്റപ്പണിക്ക് ഏകദേശം 303 ഗ്രാം സ്വര്‍ണം ആവശ്യമാണെന്നും ഇതിന് 31 ലക്ഷം രൂപ ചെലവുവരുമെന്നും തിരുവാഭരണം കമീഷണര്‍ അറിയിച്ചിരുന്നു. എന്നാല്‍, ആഗസ്‌റ്റ് എട്ടിന് തിരുവാഭരണം കമീഷണര്‍ നിലപാട് മാറ്റി. ബോര്‍ഡ് അധികൃതരുടെ നിര്‍ദേശപ്രകാരം സ്‌പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരുന്നു ഇതെന്നാണ് വിവരം.
ഇക്കാര്യം ഹൈകോടതി ദേവസ്വം ബെഞ്ച് ഉത്തരവിലും ചൂണ്ടിക്കാട്ടുന്നുണ്ട്. തുടർന്ന് സന്നിധാനത്ത് പരമ്പരാഗതരീതിയിൽ സ്വർണം പൂശാമെന്ന ഉത്തരവ് തിരുത്തിയ അദ്ദേഹം, സ്വര്‍ണംപൂശിയ ഘടകങ്ങള്‍ ഇലക്‌ട്രോപ്ലേറ്റിങ്ങിനായി ചെന്നൈയിലെ സ്‌മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോകാന്‍ ശിപാര്‍ശ ചെയ്‌ത് മറ്റൊരുകത്ത് നല്‍കുകയായിരുന്നു. ഇതിനായി അടിയന്തര ദേവസ്വം ബോര്‍ഡ് യോഗം വിളിക്കാനും നിർദേശിച്ചിരുന്നു. അതേസമയം ഡോര്‍ ലിന്റല്‍, ഡോര്‍ പാനലുകള്‍, ലക്ഷ്‌മി രൂപം, കമാനം എന്നിവ സന്നിധാനത്തുതന്നെ സ്വർണം പൂശാമെന്നാണ് ഇതിൽ നിർദേശിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപ്പണികൾക്കായി സ്‌മാര്‍ട്ട് ക്രിയേഷന്‍സിന് കൊണ്ടുപോകാൻ ദേവസ്വം ബോര്‍ഡ് സെപ്റ്റംബർ മൂന്നിന് ഉത്തരവിറക്കിയത്.
പോറ്റിക്കായി നിരന്തരം ഇടപെട്ട് മുരാരി ബാബു
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളിയുടെ തൂക്കക്കുറവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കായി നിരന്തരം ഇടപെട്ടിരുന്നത് ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ മുരാരി ബാബുവാണെന്നതിന് കൂടുതൽ തെളിവുകൾ വിജിലൻസിന് ലഭിച്ചു.
2019ൽ സ്വർണപ്പാളികളെ ചെമ്പ് തകിടെന്ന് മഹസറിൽ രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ച മുരാരി ബാബുതന്നെയാണ് 2025ല്‍ ദ്വാരപാലക ശില്പത്തിന്റെ പാളികള്‍ വീണ്ടും സ്വർണം പൂശാൻ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈയിൽ കൊടുത്തുവിടാമെന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിനെ അറിയിച്ചത്.
ഇതുസംബന്ധിച്ച കത്തിടപാടുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമീഷണറായ മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ശിൽപത്തിലുള്ള പാളികൾ സ്വർണം പതിപ്പിച്ചവയാണെന്ന് മനസ്സിലാക്കിയിട്ടും അവ ചെമ്പുതകിടുകളാണെന്ന് മഹസറിൽ രേഖപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ട്. മുരാരി ബാബുവടക്കം കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചു. തിരുവാഭരണം കമീഷണറായ റിജി ലാല്‍ എതിര്‍പ്പ് രേഖപ്പെടുത്തിയില്ലായിരുന്നെങ്കില്‍ 2025ല്‍ വീണ്ടും നവീകരണത്തിനായി പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ പക്കല്‍ കൊടുത്തുവിടുമായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു.
മുരാരി ബാബുവിനെതിരെ കൂടുതല്‍ പരാതികൾ ദേവസ്വം വിജിലൻസിന് ലഭിച്ചു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല കാണാതായതില്‍ ബാബുവിന് പങ്കുണ്ടെന്നാണ് അതിൽ പ്രധാനം. സംഭവം നടക്കുമ്പോള്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്നു ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

