കൊറോണ: ഭയപ്പെടേണ്ട സാഹചര്യമില്ല; വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരം -മന്ത്രി ശൈലജ
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഒരു കൊറോണ കേസ് സ്ഥിരീകരിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നേരിടാൻ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്നെത്തിയ വിദ്യാർഥിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശൂർ ജനറൽ ഹോസ്പിറ്റലിലെ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള വിദ്യാർഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ആശങ്കാജനകമായ അവസ്ഥയിലല്ല വിദ്യാർഥിനിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു.
തൃശൂർ മെഡിക്കൽ കോളജിൽ സർവ സജ്ജീകരണങ്ങളോടെ സ്ഥാപിക്കുന്ന ഐസൊലേഷൻ വാർഡിലേക്ക് വിദ്യാർഥിനിയെ മാറ്റുമെന്നും ഈ കുട്ടിയടക്കം നാലുപേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. 20 പേരുടെ സാമ്പിളാണ് കേന്ദ്രത്തിന് അയച്ചുകൊടുത്തത്. ഇതിൽ പത്തെണ്ണം നെഗറ്റീവ് ആണെന്ന റിസൾട്ട് വന്നിരുന്നു. ഇതുവരെ 806 പേരാണ് കേരളത്തിൽ നിരീക്ഷണത്തിലുള്ളത്. 10പേർ ആശുപത്രിയിലും 796 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
കൊറോണ: 24 മണിക്കൂൾ കൺട്രോൾ റൂം തുറന്നു
തൃശൂർ ജില്ലയിൽ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കി. ജില്ലാ മെഡിക്കൽ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ കാണിച്ചിരിക്കുന്ന നമ്പറിൽ പൊതുജനങ്ങൾ ബന്ധപ്പെടാമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഐ.ഡി.എസ്.പി: 0487 2320466, ഡോ. സുമേഷ് : 9895558784, ഡോ. കാവ്യ: 9961488260, ഡോ. പ്രശാന്ത്: 94963311645, ഡോ. രതി: 9349171522
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
