Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിരിച്ചുവിടലുമായി കോറോ ഹെൽത്ത് മുന്നോട്ട്; സർക്കാറുമായി ചർച്ചയില്ല

text_fields
bookmark_border
പിരിച്ചുവിടലുമായി കോറോ ഹെൽത്ത് മുന്നോട്ട്; സർക്കാറുമായി ചർച്ചയില്ല
cancel

കൊച്ചി: കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് അധികൃതരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് ധാരണ കാറ്റിൽ പറത്തി കോറോ ഹെൽത്ത്. കേരളത്തിലെ കൊച്ചി, കോഴിക്കോട് യൂനിറ്റുകളിലെ ജീവനക്കാരെ മുഴുവൻ പിരിച്ചുവിടാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാടാണ് കമ്പനിയുടേത്. തിങ്കളാഴ്ച തൊഴിൽ വകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തിന് എത്തില്ലെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു.

കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോറോ ഹെൽത്ത്. ഇതോടെ 800ഓളം ജീവനക്കാരുടെ ഭാവിയാണ് തുലാസ്സിലായത്. പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി മൂന്നു മാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകി. കേന്ദ്ര സർക്കാറിന്‍റെ പുതിയ ലേബർ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ എന്നാണ് കമ്പനിയുടെ വാദം. അതേസമയം, പുതിയ ലേബർ കോഡ് കേരളം നടപ്പാക്കിയിട്ടില്ല എന്നതാണ് വസ്തുത.

വെള്ളിയാഴ്ച പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഉമ തോമസ് എം.എൽ.എയും ജില്ല ലേബർ ഓഫിസറും ഇടത് തൊഴിലാളി സംഘടന നേതാക്കളും സ്ഥലത്തെത്തി. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും സംഭവത്തിൽ ഇടപെട്ടു. ഇവർ കമ്പനി മാനേജ്മെന്‍റുമായി നടത്തിയ ചർച്ചയിൽ പിരിച്ചുവിടൽ നീക്കം തൽക്കാലം മരവിപ്പിച്ചു. തിങ്കളാഴ്ച തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താനും തീരുമാനിച്ചിരുന്നു. ഈ ധാരണകളെല്ലാം കാറ്റിൽ പറത്തിയാണ് കമ്പനി പിരിച്ചുവിടലുമായി മുന്നോട്ടുനീങ്ങിയത്. യു.എസ് ആസ്ഥാനമായ മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് വെള്ളിയാഴ്ചയാണ് കൊച്ചി, കോഴിക്കോട് യൂനിറ്റിലെ 800ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്.

മുൻകൂട്ടി അറിയിപ്പൊന്നും നൽകാതെ വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്തിയപ്പോൾ പിരിച്ചുവിട്ട് അറിയിപ്പ് നൽകുകയായിരുന്നുവെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. ഇന്ത്യയിലെ മറ്റ് യൂനിറ്റുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമ്പോഴാണ് കേരളത്തിലെ കൂട്ടപ്പിരിച്ചുവിടലെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ തൊഴിൽ ചൂഷണത്തിനെതിരെ നിലവിൽ തൊഴിൽ വകുപ്പിൽ അഞ്ച് പരാതികളുണ്ട്. അതുകൊണ്ടാണ് കേരളത്തെ അവഗണിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ജോലിയിൽ തുടരാൻ അനുവദിക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ജോലിയിൽനിന്ന് പിരിച്ചുവിടുകയാണെങ്കിൽ മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Coro Health moves forward with layoffs no talks with government
Next Story