കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ: 10ന് ചർച്ച സമരവുമായി രംഗത്തിറങ്ങുമെന്ന് ട്രേഡ് യൂനിയനുകൾ
text_fieldsകൊച്ചി: കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ട പിരിച്ചുവിടലിൽ അനുനയ നീക്കത്തിന് സർക്കാർ. 10ന് കമ്പനി അധികൃതരുമായി തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചർച്ച നടക്കും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് അനുസരിച്ചാണ് പിരിച്ചുവിടൽ എന്നാണ് കമ്പനി പറയുന്നത്. പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കിയിട്ടില്ല.
രാജ്യത്ത് പല സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനി കേന്ദ്ര നിയമം പറയുമ്പോൾ സംസ്ഥാനത്ത് അതനുസരിച്ച് ചട്ടങ്ങൾ രൂപവത്കരിക്കാത്തത് ചർച്ചകൾക്ക് തടസ്സമാകുന്നുണ്ട്. കമ്പനി നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സമരവുമായി രംഗത്തിറങ്ങുമെന്ന് വിവിധ ട്രേഡ് യൂനിയനുകൾ പ്രഖ്യാപിച്ചു. നേരത്തേ തിങ്കളാഴ്ച ചർച്ച നടത്താൻ കമ്പനി അധികൃതരുമായി ധാരണയായിരുന്നു. അതനുസരിച്ച് പിരിച്ചുവിടൽ മരവിപ്പിച്ചിരുന്നു. ഈ ധാരണ ലംഘിച്ച് കമ്പനി പിരിച്ചുവിടലുമായി മുന്നോട്ടുപോകുകയും മൂന്നു മാസത്തെ വേതനം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലിടുകയും ചെയ്തിരുന്നു. അതോടെ ധാരണ തകിടംമറിഞ്ഞു.
ചർച്ചക്ക് എത്തണമെന്ന് കാട്ടി കമ്പനി കൺട്രി മാനേജർക്ക് തൊഴിൽ വകുപ്പ് ഞായറാഴ്ച രാവിലെ ഇ മെയിൽ അയച്ചു. കൊച്ചി പാലാരിവട്ടത്തെ ഓഫിസിനു മുന്നിൽ നോട്ടീസ് പതിക്കുകയും ചെയ്തു. ഉത്തരേന്ത്യയിലുള്ള കമ്പനി അധികൃതർക്ക് കൊച്ചിയിൽ എത്താനുള്ള സമയം വേണമെന്ന് കമ്പനി അധികൃതർ വാക്കാൽ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് 10ന് ചർച്ച തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. കമ്പനിയുടെ ഭാഗത്തുനിന്ന് ആരാണ് പങ്കെടുക്കുകയെന്ന് വ്യക്തമായിട്ടില്ല.
യു.എസ് ആസ്ഥാനമായ മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് വെള്ളിയാഴ്ചയാണ് കൊച്ചി, കോഴിക്കോട് യൂനിറ്റുകളിലെ 800ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. മുൻകൂട്ടി അറിയിപ്പൊന്നും നൽകാതെ വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്തിയപ്പോൾ പിരിച്ചുവിട്ട് അറിയിപ്പ് നൽകുകയായിരുന്നെന്നാണ് ജീവനക്കാരുടെ പരാതി. കമ്പനി നിയമങ്ങൾ പാലിക്കാതെ തൊഴിലാളികളെ പിരിച്ചുവിട്ടു എന്നതാണ് സർക്കാറിന്‍റെ പിടിവള്ളി.
ഐ.ടി കമ്പനി തൊഴിലാളികളെ പിരിച്ചുവിട്ടത് പ്രതിഷേധാർഹം -വി. ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രസർക്കാർ പാസാക്കിയ പുതിയ ലേബർ കോഡുകളുടെ മറവിൽ കൊച്ചിയിലെ കോറോ ഹെൽത്ത് ഐ.ടി കമ്പനി തൊഴിലാളികളെ പിരിച്ചുവിട്ട നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുൻ തൊഴിൽ മന്ത്രിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
750ലധികം തൊഴിലാളികളെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. നൂറോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സർക്കാറിന്റെ മുൻകൂർ അനുമതി വേണമെന്ന നിയമം, പുതിയ ലേബർ കോഡിലൂടെ 300 എന്ന പരിധിയിലേക്ക് ഉയർത്തി തൊഴിൽ സുരക്ഷയെ കേന്ദ്രം അട്ടിമറിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമാണ് ഇപ്പോൾ കോറോ ഹെൽത്തിൽ കാണുന്നത്. കടുത്ത തൊഴിൽ ചൂഷണത്തിനെതിരെ പ്രതികരിച്ച തൊഴിലാളികളെ കൈകാര്യം ചെയ്ത രീതി അംഗീകരിക്കില്ല.
തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തി ഏകപക്ഷീയമായി നടത്തുന്ന ഇത്തരം പിരിച്ചുവിടലുകൾ കേരളം പോലുള്ള ഒരു സംസ്ഥാനം അംഗീകരിക്കില്ല. ഐ.ടി, ഐ.ടി അനുബന്ധ സ്ഥാപനങ്ങളിൽ വ്യാപകമായ തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ സി.ഐ.ടി.യു അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

