കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സഹകരണ ബാങ്കുകൾ തയാറാകണം -മന്ത്രി ജി.ആർ. അനിൽ
text_fieldsനെടുമങ്ങാട്: കർഷകരുടെ ഉൽപന്നങ്ങൾ ഏറ്റെടുക്കാനും ന്യായവില ഉറപ്പാക്കാനും സഹകരണ ബാങ്കുകൾ തീരുമാനിച്ചാൽ കാർഷിക മേഖലക്ക് പ്രചോദനമാകുമെന്ന് മന്ത്രി ജി.ആർ. അനിൽ. ആനാട് ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് അങ്കണത്തിൽ ആരംഭിച്ച കാർഷികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിക്കാരും സഹകണ പ്രസ്ഥാനവും ഒന്നാണ്. കാർഷിക വൃത്തിക്ക് സഹകരണ സ്ഥാപനങ്ങൾ ശക്തമായ പിന്തുണയാണ് നൽകുന്നത്. നെല്ലിന് കിലോ 28 രൂപ നൽകി ഏറ്റെടുത്തപ്പോൾ കൃഷി പിടിച്ചുനിർത്താൻ കഴിഞ്ഞു. എല്ലാവരും കൃഷിയിലേക്ക് പോകണമെന്നതാണ് സർക്കാർ നയമെന്നും മന്ത്രി വിശദീകരിച്ചു.
ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻറ് ആർ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. അമ്പിളി, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശൈലജ, പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. മിനി, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി.എസ്. ഷൗക്കത്ത്, സി.പി.എം ഏരിയ സെക്രട്ടറി ആർ. ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി രജിത്ത് ലാൽ, ടി. പത്മകുമാർ, എം.ജി. ധനീഷ്, ബാങ്ക് മാനേജിങ് ഡയറക്ടർ കെ. പ്രഭകുമാർ എന്നിവർ സംസാരിച്ചു. മേളയിൽ ആനാട് കൃഷിഭവൻ ഒരുക്കിയ ഓണപ്പുര കർഷകചന്ത ശ്രദ്ധേയമായി. കൂപ്പ് ഏലായിലെ പച്ചക്കറി കർഷകരായ നെൽസന്റെയും വിൻസൻറിന്റെയും നേതൃത്വത്തിൽ പയറും പാവലും പടവലവുമൊക്കെയായി മുപ്പതിലേറെ ഇനങ്ങൾ ഓണപ്പുരയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

