സഹകരണ സംഘങ്ങൾ കോടീശ്വരന്മാർക്കല്ല; സാധാരണക്കാരുടേതെന്ന് ഹൈകോടതി
text_fieldsകൊച്ചി: സഹകരണ സംഘങ്ങൾ കോടീശ്വരന്മാർക്കുവേണ്ടിയല്ല, സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്ന് ഹൈകോടതി. കഠിനാധ്വാനം ചെയ്ത് സാധാരണക്കാർ സമ്പാദിച്ച പണമാണ് സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കാറുള്ളത്. എന്നാൽ, ഇങ്ങനെ നിക്ഷേപിക്കുന്ന പണം നഷ്ടമാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് ഇവയിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയാണ്. കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ മൂന്നുവർഷമായി തുടരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.
സ്വത്ത് കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും ചോദ്യംചെയ്ത് കേസിലെ പ്രതി അലി സാബ്രി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വായ്പ 2015ൽ തീർത്തെങ്കിലും രേഖകൾ തിരികെ ലഭിച്ചില്ലെന്നും ദുരുപയോഗം ചെയ്യപ്പെട്ടെന്നുമാണ് ഹരജിക്കാരന്റെ വാദം. എന്നാൽ, ഹരജിക്കാരൻ വായ്പ തിരിച്ചടക്കാത്തതിനാൽ കേസുള്ളതായി ബാങ്ക് അറിയിച്ചു.
കരുവന്നൂർ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 15 സെന്റ് ഈടുവെച്ചതിന് ഏഴ് കോടിയോളം രൂപയാണ് വായ്പ നൽകിയിരിക്കുന്നത്. ഒരു സഹകരണ ബാങ്കിന് ഇങ്ങനെ എങ്ങനെ മുന്നോട്ട് പോകാനാവും. കരുവന്നൂർ ബാങ്ക് കേസിൽ മൂന്നുവർഷമായി അന്വേഷണം ആരംഭിച്ചിട്ട്. ഇനിയും ഇത് നീട്ടിക്കൊണ്ടുപോകുന്നത് സംവിധാനത്തെയാകെ ദോഷകരമായി ബാധിക്കും.
അന്വേഷണം അനിശ്ചിതമായി നീളുന്നത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ കോടതി, തുടർന്നാണ് ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാൻ നിർദേശിച്ചത്. സി.പി.എം എറണാകുളം ജില്ല സെക്രട്ടറിയായിരിക്കെ കരുവന്നൂർ ബാങ്കിൽനിന്ന് നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ മന്ത്രി പി. രാജീവ്, മുൻ തൃശൂർ ജില്ല സെക്രട്ടറി എ.സി. മൊയ്തീൻ, പാലോളി മുഹമ്മദ്കുട്ടി തുടങ്ങിയ നേതാക്കളുടെ സമ്മർദമുണ്ടായിരുന്നതായി ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ മൊഴി നൽകിയിട്ടുണ്ടെന്ന് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളടക്കമുള്ളവർക്ക് പങ്കുണ്ടെന്നും വ്യക്തമാക്കിയിരുന്നു. വിശദീകരണത്തിനും മറ്റുമായി ഇ.ഡി സമയം തേടിയതിനെത്തുടർന്ന് ഹരജി ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

