ചരിത്രത്തിലാദ്യം! കെ.എസ്.ആർ.ടി.സിക്ക് സഹകരണസംഘം ബസ് വാങ്ങിനൽകും; 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
text_fieldsകാലിക്കറ്റ് സിറ്റി സർവിസ് സഹകരണ സംഘം പൊതുനൻമ ഫണ്ടിൽ നിന്ന് ഗതാഗതമന്ത്രി സി.പി. ജോണിന് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു
കോഴിക്കോട്: കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങി നൽകാനായി കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ സംഘം പൊതുനൻമ ഫണ്ടിൽ നിന്ന് ഗതാഗതമന്ത്രി സി.പി. ജോണിന് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. എം.വി.ആര് കാന്‍സര്‍ സെന്റര്‍ സന്ദര്‍ശന വേളയില്‍ സഹകരണ സംഘം ചെയര്പേഴ്സൻ പ്രീമ മനോജ് ആണ് ചെക്ക് കൈമാറിയത്.
ചരിത്രത്തിലാദ്യമായാണ് കെ.എസ്.ആർ.ടി.സിക്ക് ഒരു സഹകരണ സംഘം ബസ് വാങ്ങി നൽകുന്നത്. കോഴിക്കോട് നിന്ന് പാലക്കാട്ടെ പറമ്പിക്കുളത്തേക്ക് മുതലമട വഴി ബസ് ഓടിക്കണം എന്ന് നിർദേശം മാത്രമേ സഹകരണ സംഘം ഉപാധിയായി വെച്ചുള്ളൂ. നിലവിൽ ഈ ഭാഗത്തേക്ക് നേരിട്ട് ബസ് സർവിസ് ഇല്ല. സംഘം ഡയറക്ടറും എം.വി.ആര് കാന്‍സര്‍ സെന്റര്‍ ചെയര്‍മാനുമായ സി.എന്‍ വിജയകൃഷ്ണന് പാലക്കാട് നെന്മാറയില് നിന്നു 2021ല്‍ നിയമസഭയിലേക്കു മത്സരിച്ചപ്പോള്‍ മുതലമടക്കാരുടെ യാത്രാദുരിതം കണ്ടതില്‍ നിന്നാണ് ഈ ആവശ്യം.
കെ.എസ്.ആർ.ടി.സിക്ക് സഹായം നല്കാന് സഹകരണ സംഘങ്ങള്‍ക്കും പൊതുനന്മ ഫണ്ട് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന തീരുമാനം വരാനിരിക്കെയാണ് കാലിക്കറ്റ് സര്‍വിസ് സഹകരണ സംഘത്തിന്റെ നടപടി. പഞ്ചായത്തുകള്‍ക്കും എം.എല്‍.എമാര്‍ക്കും അവരുടെ ഫണ്ടുപയോഗിച്ച് ആവശ്യമുള്ള സ്ഥലങ്ങളില്‍ കെ.എസ്.ആർ.ടി.സി ബസ് ഇറക്കാനും ഉടന്‍ അനുമതി നല്‍കിയേക്കും.
2000 പുതിയ ബസുകളാണ് നിരത്തിലിറക്കാന്‍ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ എം.വി.ആർ കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍.വിജയകൃഷ്ണന്, സെക്രട്ടറി ഡോ. എന്‍.കെ. ബഷീര്‍, ജനറല്‍ മാനേജര്‍ സാജു ജെയിംസ്, എ.ജി.എം കെ. രാഗേഷ്, പി.എം. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

